സൈക്കിളിൽനിന്ന് വീണ് മരണം
വിദ്യാർഥിനിയുടെ ജീവനെടുത്തത് തൃക്കാക്കര നഗരസഭയുടെ അനാസ്ഥ

വിദ്യാർഥിനി മരിച്ച സ്ഥലം എൽഡിഎഫ് നഗരസഭാ കൗൺസിലർമാരുടെ സംഘം സന്ദർശിക്കുന്നു
കാക്കനാട്
മാവേലിപുരം ഓണം പാർക്കിനുസമീപം സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽനിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ഏഴാംക്ലാസ് വിദ്യാർഥിനി മരിച്ചതിനു പിന്നിൽ തൃക്കാക്കര നഗരസഭയുടെ സുരക്ഷാവീഴ്‌ച.
റിഹാന കാതറിൻ ആൻഡ്രൂസ്
ഒരുവർഷംമുമ്പ് തൃക്കാക്കര നഗരസഭ റോഡ് ഉയർത്തിയും വീതികൂട്ടിയും നവീകരിച്ചതോടെയാണ് അപകടകരമായ സാഹചര്യം രൂപപ്പെട്ടത്. റോഡിന്റെ ഉയരം കൂടിയതോടെ അപകടഭീഷണി ചൂണ്ടിക്കാട്ടി സുരക്ഷാവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ലെന്ന് സിനായ് ടവർ ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോൺ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് ഞായർ വൈകിട്ട് മരിച്ചത്. സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഒന്നര മീറ്ററിലധികം മണ്ണിട്ട് ഉയരം വർധിപ്പിച്ചതോടെ റോഡ് ഫ്ലാറ്റിന്റെ സംരക്ഷണഭിത്തിക്ക് മുകളിലെത്തി. റോഡിനും ഫ്ലാറ്റിനുമിടയിൽ 30 അടി താഴ്ചയും രൂപപ്പെട്ടു. സംരക്ഷണഭിത്തിക്കുമുകളിൽ സുരക്ഷാവേലി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവർഷംമുന്പ് അസോസിയേഷൻ നൽകിയ കത്ത് അന്നത്തെ കൗൺസിലറും നിലവിലെ നഗരസഭ അധ്യക്ഷനുമായ റാഷിദ് ഉള്ളംപിള്ളി അവഗണിച്ചതായും ഫ്ലാറ്റ് അസോസിയേഷൻ ആരോപിച്ചു. സുരക്ഷാവേലി നിർമിക്കേണ്ടത് ഫ്ലാറ്റ് ഉടമകളുടെ ഉത്തരവാദിത്വമാണെന്നാണ് അധ്യക്ഷനും നിലവിലെ വാർഡ് കൗൺസിലർ ഐഷ സുബൈറും പറയുന്നത്.









0 comments