print edition തെളിയാതെ ആഫ്രിക്ക

photo credit: Team South Africa FACEBOOK
മെക്‌സിക്കോ സിറ്റി : വർഷങ്ങൾക്കുശേഷമുളള തിരിച്ചുവരവിൽ തെളിയാതെ ദക്ഷിണാഫ്രിക്ക. ലോകകപ്പ് ഫുട്‌ബോൾ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയോട് രണ്ട് ഗോളിന് തോറ്റ ആഫ്രിക്ക തീർത്തും നിരാശപ്പെടുത്തി. കളിയിൽ പിറന്ന മൂന്ന് ചുവപ്പുകാർഡുകളിൽ രണ്ടും ആഫ്രിക്കൻ ടീമിനായിരുന്നു. പൊരുതാൻപോലും ശേഷിയില്ലാതെ ദക്ഷിണാ-ഫ്രിക്ക വിയർത്തപ്പോൾ മെക്‌സിക്കോയുടെ കളിയും ജീവനില്ലാത്തതായി. മത്സരം വിരസമായി അവസാനിച്ചു.
ഗോൾ കീപ്പർ റോൺവെൻ വില്യംസിന്റെ ചില മിന്നലാട്ടങ്ങൾ മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് കളിയിലെ ഓർമ. ഒന്പത് പേരായി ചുരുങ്ങിയിട്ടും ഗോളെണ്ണം രണ്ടിൽ പിടിച്ചുനിർത്താനായതും ആശ്വാസമായി. യൂലിയൻ ക്വിനാനോസ്, റൗൾ ഹിമിനെസ് എന്നിവരിലൂടെയാണ് മെക്‌സിക്കോ ജയം പിടിച്ചത്. ഇതിൽ ക്വിനാനോസിന്റെ പ്രകടനം ശ്രദ്ധേയമായി. പതിനേഴുകാരൻ ഗിൽബെർട്ടോ മോറ പകരക്കാരനായി മെക്‌സിക്കോ കുപ്പായത്തിൽ കളത്തിലിറങ്ങി.
സിഫോലെ സിതോലെയും തെംബ സ്വാനെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഒമ്പത് പേരുമായാണ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചത്. അവസാനനിമിഷം മെക്‌സിക്കോയുടെ സെസാർ മോണ്ടെസിനും ചുവപ്പുകാർഡ് കിട്ടി.










0 comments