മീൻതൊട്ടാൽ ‘കൈപൊള്ളും’

ചെറുവത്തൂർ ട്രോളിങ് നിരോധനം വന്നതോടെ മലയാളിയുടെ നിത്യേനയുള്ള വിഭവമായ മീൻ തൊട്ടാൽ കൈപൊള്ളുന്ന അവസ്ഥയാണ്. മോട്ടോർ സൈക്കിളും കുട്ടയിലും മീനെത്തിച്ച് നൽകുന്ന തൊഴിലാളികളുടെ അടുത്തേക്ക് ഓടിച്ചെല്ലുമ്പോൾ വിലകേട്ട് ഒഴിഞ്ഞ ചട്ടിയുമായി വീട്ടിലേക്ക് തിരിച്ച് വരേണ്ട സ്ഥിതിയാണ്. മീൻപിടിത്ത തുറമുഖങ്ങളിൽ പരമ്പരാഗതമായ വള്ളങ്ങൾക്ക് മാത്രമാണ് ട്രോളിങ് നിരോധനത്തിന്റെ സമയം കടലിൽ പോകാൻ സാധിക്കുക. നിരവധി ബോട്ടുകൾ പോയിരുന്ന സ്ഥലത്ത് വിരലിലെണ്ണാവുന്ന പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് ഉള്ളത്. ഇതിൽനിന്നും ലഭിക്കുന്ന മീനുകൾ വാങ്ങാൻ ചെറുകിട കച്ചവടക്കാരുടെ നീണ്ട നിരയാണ് ഓരോ തുറമുഖങ്ങളിലും. പലരും മീൻ ലഭിക്കാതെ മടങ്ങുന്നതും പതിവാണിപ്പോൾ. വള്ളങ്ങളിൽ ലഭിച്ച മീൻ ലേലത്തിൽ പിടിക്കാൻ പൊന്നും വിലാണ് നൽകേണ്ടി വരുന്നതെന്നും ചെറുകിട മീൻ വിൽപനക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വലിയ വിലക്ക് ലേലം കൊണ്ടാൽ അതിനനുസരിച്ച് കിലോക്ക് മീനിന്റെ വില വർധിപ്പിക്കേണ്ട അവസ്ഥയാണ്. കടൽമീനുകളായ വലിയ മത്തി 400, കിളിമീൻ 400, അയല 400, ചെമ്മീൻ 400, ചെറു മീനുകൾ 300 എന്നിങ്ങനെയാണ് കിലോയ്‌ക്ക് നിലവിലെ വില. പുഴമീനുകളായ ചെമ്പല്ലിക്ക് 800, കൊളോൻ 850, കരിമീൻ 550 എന്നിങ്ങനെയാണ് കിലോക്ക് നൽകേണ്ടി വരുന്നത്.








0 comments