ad
Deshabhimani

കാസർകോടിന്‌ ഇനി 
"സ്വന്തം' പൊലീസ്‌ മേധാവി

ബേഡകം ബീംബുങ്കാൽ ധ്വനി സർഗവേദി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൽ ജില്ലാ പൊലീസ് മേധാവി പി നിധിൻ രാജ് നാടകത്തെ കുറിച്ച് ക്ലാസെടുക്കുന്നു (ഫയൽചിത്രം)
വെബ് ഡെസ്ക്

Published on Jun 13, 2026, 03:00 AM | 1 min read

കാസർകോട് ജില്ലയുടെ പൊലീസ്‌ മേധാവിയായി ജില്ലക്കാരനായ ആദ്യ ഐപിഎസുകാരൻ. രാവണേശ്വരം സ്വദേശിയായ പി നിധിൻരാജാണ് ജില്ലയുടെ പുതിയ പൊലീസ് മേധാവി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സ്ഥാനത്തുനിന്നാണ്‌ നിധിൻനാഥ്‌ കാസർകോട്ട്‌ എത്തുന്നത്‌. 2018 കേഡർ ഐപിഎസുകാരനായ നിധിൻ രാജ് വയനാട്‌ അസി. പൊലീസ്‌ സൂപ്രണ്ടായിട്ടാണ്‌ തുടക്കം. പിന്നീട്‌ തിരുവനന്തപുരം സിറ്റി അസി. കമീഷണറായി. കോഴിക്കോട് റൂറൽ എസ് പിയായശേഷം കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി. രാവണശ്വേരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മലയാളം മാധ്യമത്തിൽ എസ്‌എസ്‌എൽസി കഴിഞ്ഞ നിധിൻ ദുർഗ ഹയർസെക്കൻഡറി സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്. തുടർന്ന് കോട്ടയം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽനിന്ന് ബിടെക് നേടി സോഫ്​റ്റ്​വെയർ എൻജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിന് ശ്രമം നടത്തിയത്. 2018ൽ 210–ാം റാങ്ക് നേടി സിവിൽ സർവീസ് പാസായി. പ്രസംഗം, ​നാടകം, മാജിക്‌ തുടങ്ങി വിവിധ വിഷയങ്ങളിൽ നിധിൻ മികവ്‌ തെളിയിച്ചിട്ടുണ്ട്‌. കുട്ടികളുടെ നാടകവേദിയായ സൺഡെ തിയറ്ററിൽ മൂന്നു വർഷത്തോളം സജീവ സാന്നിധ്യമായിരുന്നു. 2007 ൽ തിരുവനന്തപുരത്ത് കേരള സംഗീത നാടക അക്കാദമി നടത്തിയ കുട്ടികളുടെ ദേശീയ നാടകോത്സവത്തിൽ കുറ്റിക്കോൽ സൺഡെ തിയറ്റർ അവതരിപ്പിച്ച 'ആൽക്കമിസ്റ്റിൽ’ നിധിൻ പ്രധാന വേഷമിട്ടിട്ടുണ്ട്. രാവണേശ്വരം എക്കാൽ വീട്ടിൽ കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്. ഭാര്യ ഡോ. ലക്ഷ്മി കൃഷ്ണൻ യേനപോയ മെഡിക്കൽ കോളജ് ഇഎൻടി വിഭാഗത്തിലാണ്. ഏകമകൻ വംശി നിധിൻ. സഹോദരി അശ്വതി സോഫ്റ്റ് വെയർ എൻജിനിയറാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home