പനിച്ചുവിറച്ച് ജില്ല

കാസർകോട് കാലവർഷം ശക്തമായതോടെ ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ദിവസേന ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്‌ചയിലുള്ളതിനേക്കാൾ കുത്തനെ കൂടി. പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് കൂടുതൽപേരും ചികിത്സതേടുന്നത്. വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും കൂടുതലായി റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. പകർച്ചപ്പനികൾക്കുപുറമെ സാധാരണനിലയിലുള്ള വയറിളക്കവും കൂടുതലായുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി ഇൗ മാസം ഇതുവരെ 7924 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്. 11 ദിവസത്തിനുള്ളിലെ കണക്കാണിത്. ഇതിൽ കിടത്തിച്ചികിത്സയിലായവരുടെ എണ്ണം 75 ആണ്. കഴിഞ്ഞമാസം ആകെ 13476 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്. 11 വരെയുള്ള കണക്കനുസരിച്ച് വയറിളക്ക രോഗം ജില്ലയിൽ 2024 പേർക്കാണ് സ്ഥിരീകരിച്ചത്. 51 പേർ കിടത്തിച്ചികിത്സയിലായി. കഴിഞ്ഞമാസം ആകെ 3547 പേർക്കാണ് വയറിളക്കരോഗത്തിന് ചികിത്സ നൽകിയത്. ഇൗ ദിവസങ്ങളിൽ 11 പേർക്കാണ് ഡെങ്കിപ്പനി സ്ഥീരീകരിച്ചത്. ഒരാൾക്ക് എലിപ്പനിയും 2 പേർക്ക് മലേറിയയും സ്ഥീരീകരിച്ചിട്ടുണ്ട്.








0 comments