ad
Deshabhimani

print edition അലിറെസെയുടെ കോട്ട, ഇറാന്റെയും

iran goalkeeper
വെബ് ഡെസ്ക്

Published on Jun 23, 2026, 02:07 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌ : അലിറെസ ബെയ്‌റെൻവാൻഡ്‌. ലോകകപ്പ്‌ ഫുട്‌ബോളിൽ ഇറാന്റെ വീരോചിത പ്രകടനങ്ങൾക്കെല്ലാം പിന്നിൽ ഗോൾകീപ്പർ അലിറെസയുടെ കരങ്ങളാണ്‌. ലോക ഫുട്‌ബോളിലെ ഒന്പതാം റാങ്കുകാരായ ബൽജിയത്തിനെ തടഞ്ഞുനിർത്തി ഇറാന്‌ വിജയസമാനമായ സമനില നൽകിയത്‌ അലിറെസയാണ്‌.


തുടർച്ചയായ മൂന്നാം ലോകകപ്പ്‌ കളിക്കുന്ന മുപ്പത്തിമൂന്നുകാരന്റെ ജീവചരിത്രം പോരാട്ടത്തിന്‌ സമാനമാണ്‌. ബൽജിയത്തിന്റെ ഏഴ്‌ ഗോൾ ശ്രമങ്ങൾ അലിറെസ തടഞ്ഞു. കളിയുടെ അവസാന ഘട്ടത്തിലായിരുന്നു ഇ‍ൗ ലോകകപ്പിലെതന്നെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന സേവ്‌ കണ്ടത്‌. ബൽജിയം കളിയാസൂത്രകൻ കെവിൻ ഡി ബ്രയ്‌ൻ ഗോൾ മുഖത്തേക്കിട്ട പന്ത്‌ മാക്‌സിം ഡി കുയ്‌പെർ നാല്‌ വാര ദൂരത്തുനിന്നും തൊടുത്തു. മിന്നൽക്കുതിപ്പിലൂടെ ഇടതുകൈകൊണ്ട്‌ അലിറെസ അത്‌ തട്ടിയകറ്റിയപ്പോൾ എഴുപതിനായിരം കാണികൾ നിറഞ്ഞ സോഫി സ്‌റ്റേഡിയം ഒരുപോലെ അന്പരന്നു. ബൽജിയത്തിന്‌ മൂർച്ചയുണ്ടായില്ല.


67–ാം മിനിറ്റിൽ നതാൻ എൻഗോയ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായതോടെ അവർ തളർന്നു. ഒപ്പം അലിറെസയുടെ പ്രകടനം കൂടിയായപ്പോൾ ബൽജിയം സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. 2018 ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർതാരം റൊണാൾഡോയുടെ പെനൽറ്റി തടഞ്ഞതോടെയാണ്‌ അലിറെസ ഇറാന്റെ ദേശീയ ഹീറോയായി മാറിയത്‌. ഫുട്‌ബോളിലേക്ക്‌ എളുപ്പവഴിയായിരുന്നില്ല അലിറെസയ്‌ക്ക്‌. തെരുവുകളിൽ അന്തിയുറങ്ങിയും വിശപ്പിനോട് പടവെട്ടിയും ജീവിച്ച ചരിത്രമുണ്ട്‌. നാഫ്‌റ്റ ഇ ടെഹ്‌റാൻ ക്ലബിൽ കളിക്കാൻ അവസരം കിട്ടിയതോടെയാണ്‌ കളിജീവിതം മാറുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home