ad
Deshabhimani

സംസ്ഥാന ബജറ്റ്

കളമശേരിക്ക് കടുത്ത
അവഗണന-: എൽഡിഎഫ്

kalamassery
വെബ് ഡെസ്ക്

Published on Jun 23, 2026, 02:47 AM | 1 min read

കളമശേരി


യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ കളമശേരി മണ്ഡലത്തോടുള്ള കടുത്ത അവഗണനയാണ് പ്രകടമാകുന്നതെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. നടന്നുകൊണ്ടിരുന്നതും കഴിഞ്ഞ സർക്കാർ തുക വകയിരുത്തിയിരുന്നതുമായ പദ്ധതികൾപോലും പരിഗണിച്ചില്ല. പ്രധാന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും തുക അനുവദിച്ചിട്ടില്ല. പുതിയ പദ്ധതികളായി അവകാശപ്പെട്ടവ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് അനുവദിച്ച് തുടർനടപടി ആരംഭിച്ചവയാണ്‌. എച്ച്എംടി മേൽപ്പാലം വീതികൂട്ടൽ, പോളിടെക്‌നിക്‌ ഓഡിറ്റോറിയം, റവന്യൂ ടവർ തുടങ്ങിയ പദ്ധതികൾ ഉദാഹരണം. ഫ്ലാഗ്ഷിപ്‌ പദ്ധതികളായ ജുഡീഷ്യൽ സിറ്റി, സയൻസ് പാർക്ക്, ഇടപ്പള്ളി കനാൽ നവീകരണം എന്നിവയെ പൂർണമായും ഒഴിവാക്കി.


പാലം നിർമാണം നീളും


കുന്ന് കോട്ടപ്പുറം പാലം നിർമാണത്തിന് മുൻ ബജറ്റുകളിൽ 14 കോടി രൂപ അനുവദിച്ചിരുന്നു. 2025–-26ൽ പാലം നിർമാണം ആ വർഷംതന്നെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ നാലുകോടി അനുവദിച്ചു. 45 കോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയ പദ്ധതിക്ക് 100 രൂപയുടെ ടോക്കൺമാത്രമാണ് പുതിയ ബജറ്റിൽ അനുവദിച്ചത്.

അയിരൂർ പാലത്തിന് 20 ശതമാനം തുക വകയിരുത്തി സ്ഥലമേറ്റെടുക്കൽനടപടി ആരംഭിച്ചു. ഈ ബജറ്റിൽ അനുവദിച്ചത് 100 രൂപയുടെ ടോക്കൺമാത്രം.​ എട്ടുകോടിയുടെ മാട്ടുപുറം പാലം നിർമാണപദ്ധതിക്ക് 20 ശതമാനം തുക വകയിരുത്തി മണ്ണുപരിശോധന ആരംഭിച്ചതാണ്. പുതിയ ബജറ്റിൽ അനുവദിച്ചതാകട്ടെ, 100 രൂപ ടോക്കൺമാത്രം.

റോഡ്‌ വികസനം അട്ടിമറിച്ചു

പ്രധാന റോഡ് വികസന പദ്ധതിയായിരുന്നു ആലുവ–-ആലങ്ങാട് റോഡ് വീതികൂട്ടൽ. കഴിഞ്ഞ എൽഡിഎഫ് സർക്കാരും മന്ത്രിയായിരുന്ന പി രാജീവും മുൻകൈ എടുത്ത് 18 മീറ്ററിൽ വീതികൂട്ടാനും സ്ഥലമേറ്റെടുക്കലിനും നടപടിയെടുത്തു. ഈ പദ്ധതിയെയും അവഗണിച്ചു. ​മുട്ടാർ–മഞ്ഞുമ്മൽ റോഡ് 15 മീറ്ററിൽ വീതികൂട്ടാൻ എൽഡിഎഫ്‌ സർക്കാർ അഞ്ചുകോടി അനുവദിച്ചു. 410 സെന്റ്‌ ഏറ്റെടുക്കാനും ഉത്തരവായി. അതിർത്തിക്കല്ലുകൾ സ്ഥാപിച്ചെങ്കിലും ബജറ്റിൽ പരിഗണിച്ചില്ല.​

മന്ത്രിയുടെ മണ്ഡലമായിട്ടും കളമശേരിയെ അവഗണിക്കുന്ന സമീപനമാണ്‌ ബജറ്റിൽ തെളിഞ്ഞത്‌. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് സൃഷ്ടിച്ച വികസനമുന്നേറ്റത്തെ തകിടം മറിക്കുന്നതാണ്‌ യുഡിഎഫ് സർക്കാരിന്റെയും കളമശേരി എംഎൽഎയുടെയും നിലപാടെന്നും എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി കെ ബി വർഗീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home