ad
Deshabhimani

print edition 'ജീവനാണ്‌ മുഖ്യം' : പകർച്ചവ്യാധിയിൽ അലംഭാവം തുറന്നുകാട്ടി പ്രതിപക്ഷം

pinaraayi vijayan with Contaminated Water in niyamasabha

എഐവൈഎഫ് - എഐഎസ്എഫ് പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിന്-നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ കലക്ക വെള്ളം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉയർത്തികാട്ടുന്നു

avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jun 23, 2026, 02:43 AM | 2 min read

തിരുവനന്തപുരം : നാടാകെ രോഗവ്യാപനത്തിൽ വിറങ്ങലിക്കുമ്പോഴും യുഡിഎഫ് സർക്കാർ തുടരുന്ന അലംഭാവത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ആഞ്ഞടിച്ചു. പകർച്ചവ്യാധിയില്‍ സംസ്ഥാനത്ത്‌ ഒരുമാസത്തിനിടെ 87 പേർ മരിച്ചിട്ടും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന്‌ അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം വ്യക്തമാക്കി.


ആരോഗ്യവകുപ്പും തദ്ദേശവകുപ്പും തമ്മില്‍ ഏകോപനമില്ലെന്ന്‌ മന്ത്രിതന്നെ സമ്മതിക്കുന്നു. മന്ത്രി ഒരു കാര്യം പറയുന്നു, ഉദ്യോഗസ്ഥർ മറ്റൊന്നും. ഉദ്യോഗസ്ഥരെ പരക്കെ സ്ഥലംമാറ്റുന്നു. വകുപ്പിന്റെ തലപ്പത്ത്‌ കസേരകളിയാണ്‌. ഇ‍ൗ അവസ്ഥ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പി എ മുഹമ്മദ്‌ റിയാസാണ്‌ നോട്ടീസ്‌ അവതരിപ്പിച്ചത്‌. സർക്കാരിനെ വിലയിരുത്താൻ 35 ദിവസം വലിയ കാലയളവല്ലെങ്കിലും ഏതുദിശയിലാണ്‌ സഞ്ചരിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ ധാരാളമെന്ന് റിയാസ് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.


പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി. ആരോഗ്യവകുപ്പിന്റെ തലപ്പത്ത്‌ ഒരുകാലത്തും ഉണ്ടാകാത്ത കസേരകളിയാണെന്നും അഞ്ച്‌ ജില്ലയിൽ ഡിഎംഒമാരെപോലും നിയമിച്ചിട്ടില്ലെന്നും വാക്ക‍ൗട്ട്‌ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ഇത്‌ സമ്മതിച്ച മന്ത്രി ഉടൻ നിയമനം നടത്തുമെന്ന്‌ സഭയെ അറിയിച്ചു. മുൻകാലങ്ങളിലേതുപോലെ പ്രതിരോധപ്രവർത്തനം നടത്തിയില്ലെന്നും ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന കൂട്ട സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.


ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. പിഎസ്‌സി അഡ്വൈസ്‌ മെമ്മോ നൽകിയ 390 ഡോക്‌ടർമാരുടെ നിയമനം ഒരു മാസമായി തടഞ്ഞതിനുപിന്നിലെ നിക്ഷിപ്‌ത താൽപ്പര്യം വ്യക്തമാക്കണം. എല്ലാവരെയും യോജിപ്പിച്ചായിരുന്നു മുമ്പ്‌ പ്രതിരോധ നടപടി. ഏകോപിപ്പിക്കേണ്ടത്‌ ആരോഗ്യമന്ത്രിയാണ്‌. നിപാ സ്ഥിരീകരിച്ച്‌ ദിവസങ്ങൾ കഴിഞ്ഞാണ്‌ മന്ത്രി കോഴിക്കോട്‌ എത്തിയതെന്നും പിണറായി പറഞ്ഞു.


ആ ചെളിവെള്ളം സഭയിൽ


യുവജന, വിദ്യാർഥി മാർച്ചിനുനേരെ പൊലീസ്‌ പ്രയോഗിച്ച ചെളിവെള്ളം നിയമസഭയിൽ ഹാജരാക്കി പ്രതിപക്ഷം. എഐവൈഎഫ്‌, എഐഎസ്‌എഫ്‌ പ്രവർത്തകരുടെ സെക്രട്ടറിയറ്റ്‌ മാർച്ചിനുനേരെ പൊലീസ്‌ പ്രയോഗിച്ച ചെളിവെള്ളം കുപ്പിയില്‍ സഭയിലെത്തിച്ചത്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനാണ്‌. പകർച്ചവ്യാധിയുടെ കാലത്ത്‌ സമരത്തെ ഇത്തരത്തില്‍ നേരിടുന്നത്‌ ശരിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സമരങ്ങൾക്കുനേരെ ജലപീരങ്കി പ്രയോഗം മുന്പും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, കലക്കവെള്ളം ഉപയോഗിക്കുന്ന അനുഭവമില്ല. പകർച്ചവ്യാധിയെക്കുറിച്ചാണ്‌ നിയമസഭ ചർച്ച ചെയ്‌തത്‌. എന്നിട്ടും അമീബിക്‌ മസ്‌തിഷ്‌ക ജ്വരമുൾപ്പെടെ ഉണ്ടാകാവുന്ന വെള്ളമാണ്‌ സമരത്തിന് നേരെ പ്രയോഗിച്ചതെന്നും പിണറായി പറഞ്ഞു. ജല അതോറിറ്റിയിൽനിന്നുള്ള വെള്ളമാണ്‌ ജലപീരങ്കിയില്‍ ഉപയോഗിക്കുന്നതെന്നും വെള്ളം പരിശോധിക്കാൻ സിറ്റി പൊലീസ്‌ കമീഷണറോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home