ad
Deshabhimani

print edition 92 വർഷം; ഒടുവിൽ മധുരം

egypt football

ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 
ഗോൾ നേടിയ ഇ‍ൗജിപ്‌തിന്റെ മുഹമ്മദ്‌ സലായുടെ ആഹ്ലാദം . photo credit: FIFA via X

വെബ് ഡെസ്ക്

Published on Jun 23, 2026, 01:35 AM | 2 min read

വാൻകൂവർ : ലോകകപ്പ്‌ ഫുട്‌ബോൾ ഇ‍ൗജിപ്‌തിന്‌ വിചിത്ര ലോകമാണ്‌. മോഹിപ്പിച്ചശേഷം കരയിപ്പിച്ച കളിത്തട്ട്‌. ആദ്യ ലോകകപ്പ്‌ കളിച്ചിട്ട്‌ 92 വർഷം കഴിഞ്ഞ്‌ ഇ‍ൗജിപ്‌തുകാർ ഒരു ജയം സ്വന്തമാക്കി. ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി ഫറവോമാർ അത്‌ അടയാളപ്പെടുത്തി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പാണ്‌ അവസാനിപ്പിച്ചത്‌. ഓഷ്യാനിയൻ സംഘം ന്യൂസിലൻഡിനോട്‌ പിന്നിട്ടുനിന്ന ശേഷം 3–1ന്റെ ജയം. ഗ്രൂപ്പ്‌ ‘ജി’യിൽ ഒന്നാംസ്ഥാനത്തുമെത്തി. ആദ്യമായി നോക്ക‍ൗട്ട്‌ ഘട്ടവും ഇ‍ൗജിപ്‌ത്‌ സ്വപ്‌നം കാണുന്നു.


1930ലെ ലോകകപ്പിൽനിന്ന്‌ ഇ‍ൗജിപ്‌തിനെ തടഞ്ഞത്‌ ഒരു കൊടുങ്കാറ്റാണ്‌. ഉറുഗ്വായ്‌യിലേക്ക്‌ ഫ്ര-ാൻസ്‌ വഴി കപ്പലിൽ സഞ്ചരിക്കാനിറങ്ങിയ ഇ‍ൗജിപ്‌ഷ്യൻ പ്രത‍ീക്ഷകൾ മെഡിറ്ററേനിയൻ കടലിലെ കൊടുങ്കാറ്റിൽ ചിതറിപ്പോയി. 1934ൽ ആദ്യമായി പന്ത്‌ തട്ടി. പിന്നെ അവസരം കിട്ടിയത്‌ 1990ൽ. വീണ്ടും ഇടവേള. 2018ൽ ഒരിക്കൽക്കൂടിയെത്തി. ആഫ്രിക്ക വാഴുമ്പോഴും ലോക വേദിയിൽ ഇ‍ൗജിപ്‌ത്‌ പരാജയമായി. ലോകകപ്പിൽ ഒരു ജയത്തിനായി ദാഹിച്ചു. ഒടുവിൽ ഇ‍ൗ ലോകകപ്പിൽ അവർ ചരിത്രം തിരുത്തി.


ആദ്യ കളിയിൽ ബൽജിയത്തെ സമനിലയിൽ കുരുക്കിയത്‌ ഗുണകരമായി. ന്യൂസിലൻഡിനെതിരെ അൽപ്പമൊന്ന്‌ ഭയന്നു. കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാൻ ന്യൂസിലൻഡിനെ മുന്നിലെത്തിച്ചു. ടിം പെയ്‌നിന്റെ കോർണറിൽ തലവച്ചാണ്‌ സർമാൻ ന്യൂസിലൻഡിന്‌ പ്രതീക്ഷ നൽകിയത്‌. ആദ്യപകുതിയിൽ ഇ‍ൗജിപ്‌ത്‌ മങ്ങി. സൂപ്പർ താരം മുഹമ്മദ്‌ സലായ്‌ക്ക്‌ സ്വാധീനമുണ്ടാക്കാനായില്ല.ഇടവേളയ്‌ക്കുശേഷം ഇ‍ൗജിപ്‌ത്‌ അടിമുടി മാറിയാണെത്തിയത്‌. 24 മിനിറ്റിനുള്ളിൽ മൂന്നെണ്ണം തൊടുത്തു.


58–ാം മിനിറ്റിൽ മുഹമ്മദ്‌ ഹാനിയുടെ കോർണറിൽ തലവച്ച്‌ മൊസ്‌ഫ സീക്കോ ഒപ്പമെത്തിച്ചു. സമനില ഗോൾ ആഘോഷിക്കാനൊന്നുംനിന്നില്ല ഇ‍ൗജിപ്‌ത്‌. അവരിൽ വിജയദാഹം കണ്ടു. 67–ാം മിനിറ്റിൽ സലായുടെ ഗോളിൽ ലീഡ്‌. സീക്കോയുമായി പന്ത്‌ കൈമാറിവന്ന മുപ്പത്തിനാലുകാരൻ പിന്നെ വലയിലേക്ക്‌ തൊടുത്തു. കളി തീരാൻ എട്ട്‌ മിനിറ്റ്‌ ശേഷിക്കെ സലായുടെ കോർണറിൽ തലവച്ച്‌ പകരക്കാരനായ ട്രെസെഗെ ഇ‍ൗജിപ്‌തിന്റെ ജയം പൂർത്തിയാക്കി. 27ന്‌ ഗ്രൂപ്പിലെ അവസാന കളിയിൽ ഇറാനുമായാണ്‌ കളിക്കേണ്ടത്‌. ജയിച്ചാൽ ഒന്നാംസ്ഥാനക്കാരായി നോക്ക‍ൗട്ടിലേക്ക്‌ കുതിക്കാം.


സലാം സലാ


വാൻകൂവർ : മുഹമ്മദ്‌ സലായുടെ സ്വപ്‌നം സഫ-ലമായി. ലോകകപ്പ്‌ ഫുട്‌ബോളിലെ ജയത്തിനായി കാത്തിരുന്ന ഇ‍ൗജിപ്‌തിലെ ജനങ്ങളെ സലായും കൂട്ടരും നിരാശരാക്കിയില്ല. ‘ഞങ്ങൾ അപൂർവമായി മാത്രമേ ലോകകപ്പ്‌ യോഗ്യത നേടിയിട്ടുള്ളൂ. അതിൽ രണ്ട്‌ പതിപ്പുകളിൽ കളിക്കാനായി. രണ്ട്‌ തവണയും ഗോളടിക്കാൻ കഴിഞ്ഞു. ചരിത്രത്തിലെ ആദ്യ ജയത്തിന്‌ പങ്കാളിയാകാനും സാധിച്ചു’–സലാ പറഞ്ഞു. 2018ൽ സലാ നിരാശപ്പെടുത്തി. കഴിഞ്ഞ തവണ യോഗ്യത നേടിയതുമില്ല. ഇക്കുറി ആദ്യ കളിയിൽ ബൽജിയത്തിനെതിരെ പിൻവലിക്കേണ്ടിവന്നു. ന്യൂസിലൻഡിനോട്‌ തുടക്കത്തിൽ പതറി. പക്ഷേ, ടീം പിന്നിട്ടുനിന്ന ഘട്ടത്തിൽ നായകനായി തിരിച്ചുവന്നു. 118 മത്സരങ്ങളിൽ 68 ഗോളായി സലായ്‌ക്ക്‌. 14 വർഷമായി രാജ്യത്തിന്‌ കളിക്കുന്നു. ഇ‍ൗജിപ്‌തിനൊപ്പം വലിയ നേട്ടങ്ങളില്ലാത്ത സലായ്‌ക്ക്‌ ഇ‍ൗ ജയം ഓർമയിൽ സൂക്ഷിക്കാനുള്ള അധ്യായമായി. ലോകകപ്പിലാകെ മൂന്ന്‌ ഗോളായി. ക്ലബ്‌ കുപ്പായത്തിലും രാജ്യത്തിനുമായി 400 ഗോളും തികച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home