print edition നയം തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം; ഇത് ജനദ്രോഹ സർക്കാർ: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ജനദ്രോഹപരമായ സമീപനമാണ് മൂന്നു മാസമായി തുടരുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. വിമർശിച്ചാൽ പരിഹസിക്കുകയും ആക്ഷേപിക്കുകയുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ജനദ്രോഹ സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ എൽഡിഎഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മുന്നണി യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധബന്ധം തുടരുന്നതിന്റെ ഭാഗമാണ് സർക്കാർ സ്വീകരിച്ച നടപടികളിലേറെയും. ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് ആരംഭിച്ച തൊഴിലുറപ്പുപദ്ധതി തകർത്തപ്പോഴും സർക്കാരിന് നിലപാടില്ല. സർക്കാർ നടപടി ജനജീവിതം പിന്നോട്ടടിപ്പിച്ചു.
സത്യപ്രതിജ്ഞാചടങ്ങുമുതലുള്ള വന്ദേമാതരം ആലപിക്കൽ ബിജെപി വിധേയത്വത്തിന്റെ ഭാഗമാണ്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കുന്ന കേന്ദ്രനിയമഭേദഗതിക്ക് പിന്തുണ, ലേബർ കോഡിനെതിരെ നിലപാടില്ലായ്‌മ, ഗവ. പ്ലീഡർമാരായി ബിജെപിക്കാരെ നിയമിച്ചത്, പിഎം ശ്രീയിലെ നിലപാട് മാറ്റം തുടങ്ങി ബിജെപിക്കൊപ്പമാണ് സർക്കാരെന്ന് തെളിയിക്കുന്ന നടപടികളാണേറെയും.
ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുന്ന നടപടി മുമ്പുണ്ടായിട്ടില്ല. സുതാര്യമായി നടന്ന ജീവനക്കാരുടെ സ്ഥലംമാറ്റം അട്ടിമറിച്ചു. സ്ഥലംമാറ്റത്തിൽ നിലവിലെ തീരുമാനങ്ങൾ തിരുത്തണം. കരിമണൽഖനനം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതലാണ് മിഷൻ സമുദ്രയിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതി അട്ടിമറിച്ച് പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നം തകർക്കുന്നു. കെഎസ്‌ആർടിസി പ്രതിസന്ധിയിലേക്ക് പോകുകയാണ്.
ഓപറേഷൻ തൂഫാൻ ഉപേക്ഷിക്കേണ്ട സ്ഥിതിയായി. കാലവർഷക്കെടുതിയിൽ മൂന്നുപേരെ കാണാതായിട്ടും തിരച്ചിൽ കാര്യക്ഷമമല്ല. ഓണക്കാലത്തെ അരിവിഹിതം വെട്ടിക്കുറച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് പണം നൽകാതെ ബുദ്ധിമുട്ടിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.









0 comments