വരവ് കന്നിയങ്കത്തിൽ ‘രാജപ്രമുഖ’നായി
പുന്നമടയുടെ അരുമയാകാൻ അരോമ ചുണ്ടൻ

അരോമ ചുണ്ടൻ പരിശീലന തുഴച്ചിൽ നടത്തുന്നു
മങ്കൊമ്പ്
നീറ്റിലിറക്കി 13-ാം ദിവസം ആദ്യമായി പങ്കെടുത്ത മൂലം ജലോത്സവത്തിൽ പ്രമുഖടീമുകളെ പരാജയപ്പെടുത്തി രാജപ്രമുഖൻ ട്രോഫിനേടിയ ആത്മവിശ്വാസത്തിലാണ് അരോമ ചുണ്ടന്‍. നെഹൃട്രോഫിക്ക് അങ്കംകുറിക്കാൻ അരോമ ബോട്ട്ക്ലബിന്റെ കൈ കരുത്തിലാണ് ചുണ്ടൻ പുന്നമടയിലെത്തുന്നത്. പരിശീലന തുഴച്ചിൽ ആരംഭിച്ചു. ചമ്പക്കുളം കൊണ്ടാക്കല്‍ പള്ളി ഹാളിൽ തുഴച്ചിൽ താരങ്ങൾക്കായി 40 ദിവസമാണ് ക്യാമ്പ്. കായികവും മാനസികവുമായ കരുത്ത് പകരാൻ വ്യായാമമുറകള്‍ പഠിപ്പിച്ചശേഷമാണ് തുഴച്ചിൽ പരിശീലനം. രാവിലേയും വൈകിട്ടുമായി പൂക്കൈതയാറിലാണ് പരിശീലനം. ചുണ്ടന്‍വള്ളങ്ങളുടെ ശില്പി സാബു ആചാരിയാണ് അരോമയുടെ നിർമാണം. 128 അടി നീളം, 64 ഇഞ്ച് വീതി, 22 ഇഞ്ച് താഴ്ചയുമുണ്ട്. അരോമ ബോട്ട് ക്ലബിനുവേണ്ടി 85 പേരാണ് തുഴയെറിയുന്നത്. കൂടാതെ അഞ്ച് അമരക്കാരും ഏഴ് നിലക്കാരും ഉള്‍പ്പടെ ആകെ 97 പേര്‍ കയറും. അരുൺ ഒന്നാം തുഴയും രാജിവ് രാജ് ഒന്നാം പങ്കായവുമാണ്. സിനിമ നടൻ രഞ്ജിത് സജീവാണ് ക്യാപ്റ്റന്‍. അരോമഗ്രൂപ്പ് ചെയര്‍മാന്‍ പി കെ സജീവ് ( പ്രസിഡന്റ്) ആന്‍ സജീവ് (വൈസ് പ്രസിഡന്റ്), സജീഷ്‌കുറുപ്പ് (സെക്രട്ടറി), അനീഷ് (ട്രഷറര്‍) എന്നിവരാണ് ക്ലബ് ഭാരവാഹികള്‍. ബേബി ചാക്കോ, ജിബിന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തുഴച്ചില്‍ക്കാര്‍ക്ക് പരിശീലനം. ജിതിന്‍ വര്‍ഗീസാണ് ടീം ലീഡിങ് ക്യാപ്‌ടൻ. ശനിയാഴ്ച തീപാറുന്ന പോരാട്ടത്തിൽ വെള്ളിക്കപ്പുയുർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അരോമ ബോട്ട് ക്ലബ്.










0 comments