കൊച്ചി മെട്രോയ്ക്ക് കുസാറ്റ് വിദ്യാർഥികളുടെ പുതിയ വെബ്‌സൈറ്റ്

കൊച്ചി മെട്രോയ്ക്കുവേണ്ടി കുസാറ്റ് ഐടി വിദ്യാർഥികൾ തയ്യാറാക്കിയ വെബ്സൈറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പ്രകാശിപ്പിക്കുന്നു
കളമശേരി
കൊച്ചി മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ഏകോപിപ്പിച്ച് ലഭ്യമാകുന്ന രീതിയിൽ കൊച്ചി മെട്രോയ്ക്ക് പുതിയ വെബ്‌സൈറ്റൊരുക്കി കുസാറ്റ് വിദ്യാർഥികൾ. ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാങ്കേതിക നിലവാരത്തോടെയാണ് വെബ്‌സൈറ്റ് ഒരുക്കിയത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആവശ്യപ്പെട്ടതനുസരിച്ച് കുസാറ്റ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. ദലീഷ എം വിശ്വനാഥിന്റെ മേൽനോട്ടത്തിൽ അഞ്ചാം സെമസ്റ്റർ ഐടി വിദ്യാർഥികളായ ജയസൂര്യ ജയകുമാർ, അലൻ ഫിലിപ്, ഹാഫിസ് ഹുസൈൻ, സി മുഹമ്മദ് ദിൽഷാൻ എന്നിവരാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്.
പുതിയ വെബ്‌സൈറ്റ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കെ എംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. കെഎംആർഎല്ലുമായി തുടർന്നും വിവിധ മേഖലകളിൽ സഹകരിക്കാൻ സർവകലാശാല സന്നദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. മൂന്ന് ആഴ്ചകൊണ്ടാണ് മികച്ച നിലവാരത്തിൽ പുതിയ വെബ്‌സൈറ്റ് തയ്യാറാക്കി നൽകിയതെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
കെഎംആർഎൽ അഡീഷണൽ ജനറൽ മാനേജർ ടി ജി ഗോകുൽ, കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ, പരീക്ഷാ കൺട്രോളർ ഡോ. എൻ മനോജ്, ഫിനാൻസ് ഓഫീസർ പി ജി ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വെബ്‌സൈറ്റ് തയ്യാറാക്കിയ വിദ്യാർഥികൾക്ക് കെഎംആർഎൽ സർട്ടിഫിക്കറ്റ് നൽകി.










0 comments