print edition കെപിസിസി പ്രസിഡന്റ് തർക്കം രൂക്ഷം; രാജി ഭീഷണിയുമായി എംപിമാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ച അന്തിമഘട്ടത്തിലായതോടെ നേതാക്കളുടെ രാജി ഭീഷണിയും കൂട്ടയടി മുന്നറിയിപ്പും. തഴയപ്പെടുമെന്ന് ഉറപ്പായപ്പോൾ നാല് എംപിമാർ രാജിഭീഷണി മുഴക്കി. ഷാഫി പറമ്പിലിനും മാത്യു കുഴൽനാടനും സാധ്യതയേറിയെന്ന ഹൈക്കമാൻഡ് സൂചനകൾക്ക് പിന്നാലെയാണിത്. രണ്ടുപേരിൽ ആരെ പ്രഖ്യാപിച്ചാലും പരസ്യപ്രതിഷേധം ഉറപ്പ്.
ബെന്നി ബെഹ്‌നാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവരെ സജീവമായി പരിഗണിച്ചിരുന്നു. താനും അർഹനാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താനും പ്രഖ്യാപിച്ചു. 19ന് ഡൽഹിയിലെ അന്തിമചർച്ചയിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള വടംവലിയിൽ ആര് ജയിക്കുമെന്നതാണ് കോൺഗ്രസിലെ ചർച്ച.
മുഖ്യമന്ത്രി തർക്കത്തിൽ ജയിച്ചത് സതീശനായിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റിനെയും മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും വരുതിയിലാക്കാനുള്ള കരുനീക്കത്തിലാണ് വേണുഗോപാൽ. തനിക്കുകൂടി സമ്മതനായ ആളെ പ്രസിഡന്റ് ആക്കണമെന്ന് സതീശൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം ഡൽഹിയിലല്ല കേരളത്തിലാണെന്നാണ് ദീപാ ദാസ്‌മുൻഷി പ്രതികരിച്ചത്.
മുഴുവൻസമയ പ്രസിഡന്റ് എന്ന പരിഗണനയിൽ ജോസഫ് വാഴയ്‌ക്കനും ടി ശരത്‌ചന്ദ്ര പ്രസാദും ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കണ്ടിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും താൽപ്പര്യമറിയിച്ചു. ഇതിനിടയിലാണ് ഷാഫിയും കുഴൽനാടനും മുൻനിരയിലെത്തിയത്. വേണുഗോപാലിന്റെ പിന്തുണയും പ്രായം കുറഞ്ഞവരെന്ന ആനുകൂല്യവുമാണ് നേട്ടമായത്.
ഇവരിൽ ആരുവന്നാലും സർക്കാരുമായി സഹകരിക്കാനിടയില്ലെന്ന ഭയം സതീശനുണ്ട്. തർക്കം തീർക്കാനായില്ലെങ്കിൽ ഇപ്പോൾ പട്ടികയിലില്ലാത്ത ഒരാളെ പരിഗണിക്കാനും സാധ്യതയുണ്ട്.









0 comments