ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപികയുടെ വിവേചനം; ഇരട്ട സഹോദരങ്ങൾ പഠനം നിർത്തി

കഞ്ചിക്കോട് : അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി. ഇതേത്തുടർന്ന് ആറാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരങ്ങൾ പഠനം നിർത്തി. കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് ടീച്ചർക്കെതിരെയാണ് ആരോപണം.
ആറാം ക്ലാസ് വിദ്യാർഥികളായ ചന്ദൻ കുമാറും കുന്ദൻ കുമാറുമാണ് അധ്യാപികയുടെ വിവേചനപരമായ പെരുമാറ്റത്താൽ പഠനം നിർത്തിയത്. ഈ അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ സഹോദരങ്ങളെ ക്ലാസിൽനിന്ന് പുറത്താക്കിയെന്നും, ഇതര സംസ്ഥാനക്കാരെ സ്കൂളിൽ പഠിപ്പിക്കില്ലെന്നും അധ്യാപിക പറഞ്ഞതായും കുട്ടികളുടെ അമ്മ ചോട്ടു മഞ്ചി പറഞ്ഞു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അധ്യാപിക കുട്ടികളെ അധിക്ഷേപിച്ചെന്നും ഇത് കുട്ടികളെ മാനസികമായി ബാധിച്ചതായും പരാതിയിൽ ആരോപിക്കുന്നു. പഠനത്തിനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ച അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. കുട്ടികൾ ദീർഘനാളായി സ്കൂളിൽ എത്തിയിട്ടില്ലെന്നത് ഹാജർ രേഖകളിലും വ്യക്തമാണ്.
ഇതേ അധ്യാപിക മുമ്പും അതിഥി തൊഴിലാളികളുടെ മക്കളോട് വിവേചനപരമായി പെരുമാറിയിട്ടുണ്ടെന്ന് സ്കൂളിലെ ചില അധ്യാപകരും സമ്മതിച്ചതായാണ് വിവരം. സംഭവത്തിൽ വിദ്യാഭ്യാസ അധികൃതർ അന്വേഷണം നടത്തിവരികയാണ്. കുട്ടികൾക്ക് വിദ്യാഭ്യാസം തുടരുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.








0 comments