കേരളത്തിൽ യുഡിഎഫ് – ബിജെപി സംയുക്തഭരണം: എം വി ജയരാജൻ

കണ്ണൂർ: കേരളത്തിൽ യുഡിഎഫ് – ബിജെപി സംയുക്തഭരണമാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാർ നടത്തുന്നതിന് സമാനമായ വേട്ടയാടലാണ് കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ ഡൽഹിയിൽ നടന്ന സമരത്തെ ബിജെപി സർക്കാർ പെല്ലറ്റ് ഗൺ ഉപയോഗിച്ചാണ് നേരിട്ടതെങ്കിൽ, യുഡിഎഫ് ഭരണത്തിൽ ഗോകുലെന്ന പൊലീസിന്റെ ഇരുകൈയിലും ലാത്തികൊടുത്താണ് വിദ്യാർഥിവേട്ട. ഇതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോടുപറഞ്ഞു.
കോൺഗ്രസുകാരും ബിജെപിക്കാരും പ്രതിഷേധിച്ചാലും കുറ്റകൃത്യംചെയ്താലും കേസില്ല. സിപിഐ എമ്മുകാരുടെ പേരിലും എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐക്കാരുടെയും പേരിലും ജാമ്യമില്ലാകേസ്. പലരെയും രാത്രി വീട്ടിൽക്കയറി കസ്റ്റഡിയിലെടുക്കുന്നു, ജാമ്യമില്ലാവകുപ്പായതുകൊണ്ട് ജയിലിലേക്കയക്കുന്നു. അണികളെ കൂടെ നിർത്താൻ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകരെ വേട്ടയാടുകയാണ്.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്ന് മന്ത്രിയുടെയും എംപിയുടെയും നേതൃത്വത്തിൽ സമരം ആരംഭിച്ചതുതന്നെ ഗൂഢാലോചനയാണ്. വിദ്യാർഥികളെ വേട്ടയാടി അവരുടെ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നോക്കിയിരിക്കില്ല. ഗോകുലിനെ കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറത്താക്കുംവരെ ഗോകുലിന്റെ വീട്ടിലേക്കും തുടർച്ചയായ മാർച്ച് നടത്തും– എം വി ജയരാജൻ പറഞ്ഞു.









0 comments