Deshabhimani

സെൻട്രൽ സെക്രട്ടറിയറ്റ് ലൈബ്രറി പുനഃസ്ഥാപനം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

CSL
വെബ് ഡെസ്ക്

Published on Oct 04, 2026, 03:01 PM | 1 min read

ന്യൂഡൽഹി : നൂറ്റി മുപ്പത്തിയഞ്ച് വർഷത്തെ ചരിത്രമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. 8.5 ലക്ഷത്തിലേറെ പുസ്തകങ്ങളും അപൂർവ ഗ്രന്ഥങ്ങളും സർക്കാർ രേഖകളും സൂക്ഷിക്കുന്ന ലൈബ്രറി നിലവിൽ ശാസ്ത്രി ഭവനിലാണ് പ്രവർത്തിക്കുന്നത്. ഇത് പൊളിച്ച് പുതുക്കി പണിയാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബർ അഞ്ചിന് കേസ് പരിഗണിക്കും.


പുതിയ സെൻട്രൽ വിസ്താ പദ്ധതിയിൽ ലൈബ്രറിയുടെ വിപുലമായ ശേഖരത്തിനും പ്രവർത്തനങ്ങൾക്കും ആവശ്യമായ സ്ഥലം ലഭ്യമല്ലെന്ന റിപ്പോർട്ടുകളാണ് കോടതിയുടെ ഇടപെടലിന് പിന്നിൽ. നാല് നിലകളിലായി ഏകദേശം 5,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.


ശാസ്ത്രി ഭവൻ ഒഴിയുന്നതിന്റെ ഭാഗമായി ലൈബ്രറിക്കായി കർത്തവ്യ ഭവൻ 2 സമുച്ചയത്തിൽ രണ്ട് മുറികൾ അനുവദിച്ചതായി റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇത്രയും പുസ്തകങ്ങളുടെ ശേഖരവും അനുബന്ധ സാധാന സാമ​ഗ്രികൾക്കും ഈ സ്ഥലം പര്യാപ്തമല്ലെന്ന് സംസ്കാര മന്ത്രാലയം ചൂണ്ടിക്കാട്ടി. ലൈബ്രറി പൂർണമായും മാറ്റിസ്ഥാപിക്കുക സാധ്യമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ലൈബ്രറി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം, സൗകര്യങ്ങൾ, ശേഖരത്തിന്റെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സുപ്രീംകോടതി പരിഗണിക്കാൻ തയ്യാറായത്.


1891ൽ കൊൽക്കത്തയിൽ ഇംപീരിയൽ സെക്രട്ടേറിയറ്റ് ലൈബ്രറി എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങിയത്. 1911ൽ ബ്രിട്ടീഷ് ഭരണകൂടം തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെ ലൈബ്രറിയും ഡൽഹിയിലേക്ക് മാറി. പിന്നീട് നോർത്ത് ബ്ലോക്കിലേക്കും 1969ൽ ശാസ്ത്രി ഭവനിലേക്കും ലൈബ്രറി മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home