വി ചെന്താമരാക്ഷൻ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി

വി ചെന്താമരാക്ഷൻ
പാലക്കാട് : മുൻ എംഎൽഎ വി ചെന്താമരാക്ഷനെ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ആറ് ഏരിയ കമ്മിറ്റി സെക്രട്ടറിമാരെയും രണ്ട് നേതാക്കളെയും ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളാക്കാനും തീരുമാനിച്ചു.
ടി പി മുഹമ്മദ് മാസ്റ്റർ, കെ ജയദേവൻ, നാരായണൻകുട്ടി എൻ കെ, രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി എന്നിവരാണ് സ്ഥിരം ക്ഷണിതാക്കളായ ഏരിയ കമ്മിറ്റി സെക്രട്ടറിമാർ. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഷിബികൃഷ്ണ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എൻ നീരജ് എന്നിവരെയും സ്ഥിരം ക്ഷണിതാക്കളാക്കി.
1960ൽ കാവശേരി ആനമാറിയിൽ എ വി വെള്ളാണ്ടി–ജാനകി ദമ്പതികളുടെ മകനായാണ് വി ചെന്താമരാക്ഷന്റെ ജനനം. ചിറ്റൂർ കോളേജിലെ പഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.
സിപിഐ എം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 2001 മുതൽ 2016 വരെ ആലത്തൂർ, കൊല്ലങ്കോട്, നെന്മാറ എന്നീ മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ചു. നിയമസഭാംഗമായിരിക്കെ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. നിലവിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു. ഭാര്യ ഗീത ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്കിൽ ജോലി ചെയ്യുന്നു.







0 comments