print edition നെറ്റിലും ചതി; യുജിസി നെറ്റ് റദ്ദാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം

എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം ശരണ്യ വെർമയുടെ മുഖത്തടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: നീറ്റിൽ സംഭവിച്ച ഗുരുതര വീഴ്‌ചയ്‌ക്ക് പിന്നാലെ യുജിസി നെറ്റും അവതാളത്തിലായി. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർടികൾ രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ.
പിഎച്ച്ഡി ഗവേഷണത്തിനുള്ള പ്രവേശനത്തിനും സർവകലാശാലകളിലെ അധ്യാപകജോലിക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി ജൂണിൽ നടത്തിയ ദേശീയ യോഗ്യത പരീക്ഷ (നെറ്റ്)യിലാണ് ഒന്നരമാസത്തിനുശേഷം ഗുരുതര പിശക് കണ്ടെത്തിയത്. ഇംഗ്ലീഷ്, സോഷ്യോളജി, കൊമേഴ്‌സ് വിഷയങ്ങളുടെ ചോദ്യങ്ങളിലാണ് പിശക്. തുടർന്ന് സെപ്‌തംബർ ഒമ്പതിനും പത്തിനും പുനഃപരീക്ഷ നടത്താനും തീരുമാനിച്ചു.
രാജ്യവ്യാപകമായി യുവജനപ്രതിഷേധമുയർന്നതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി ഉന്നത ഉദ്യോഗസ്ഥരുടെയും എൻടിഎ ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വിളിച്ചുചേർത്തെങ്കിലും കാര്യമായ തീരുമാനമൊന്നുമെടുത്തില്ല. എൻടിഎയിൽ വലിയ മാറ്റം കൊണ്ടുവന്നതായി ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു.
നീറ്റിൽ വീഴ്‌ച വരുത്തിയ 50 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, ചീഫ് ടെക്‌നോളജി ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 10 പുതിയ പ്രൊഫഷണലുകളെ നിയമിച്ചു, സൈബർ സുരക്ഷ, സൈക്കോമെട്രിക്‌സ്, ചോദ്യപേപ്പർ രൂപകൽപ്പന തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലയിൽനിന്ന് കൂടുതൽ വിദഗ്‌ധരെ കൊണ്ടുവരും തുടങ്ങിയ വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകിയത്.
അതേസമയം നെറ്റിലെ വീഴ്‌ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധങ്ങൾ ഉയരുമെന്ന ആശങ്കയിലാണ് കേന്ദ്രസർക്കാർ. തിങ്കളാഴ്‌ച എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. നിയമപരിരക്ഷയില്ലാത്ത വെറും സൊസൈറ്റിയായി പ്രവർത്തിക്കുന്ന എൻടിഎ പിരിച്ചുവിട്ടേ മതിയാകൂവെന്ന് വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർടികളും ആവശ്യപ്പെട്ടു. എസ്എഫ്ഐ മാർച്ചിനെ ഡൽഹി പൊലീസും സിആർപിഎഫും അതിക്രൂരമായാണ് നേരിട്ടത്. പുരുഷ പൊലീസും പെൺകുട്ടികളെ ആക്രമിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.









0 comments