print edition പിണറായി വിളിച്ചു; നമ്മൾ തിരിച്ചുവരുമെന്ന് 'കുട്ടി സഖാവ്'

തിരൂർ (മലപ്പുറം): വൈറൽ വീഡിയോയിലൂടെ ശ്രദ്ധേയനായ ‘കുട്ടിസഖാവ്’ മുഹമ്മദ് സെയിൻ സമാനെയും കൂട്ടുകാരെയും വീഡിയോ കോളിൽ വിളിച്ച് ആശംസകൾനേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുട്ടികളുമായി വിശേഷം പങ്കിട്ട പിണറായിയോട് നമ്മൾ തിരിച്ചുവരുമെന്ന് പറഞ്ഞാണ് സമാൻ സംസാരം അവസാനിപ്പിച്ചത്.
വെട്ടം മുറിവഴിക്കൽ കളത്തിൽ പറമ്പിൽ സൈനുൽ ആബിദിന്റെ മകനും ബാലസംഘം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സമാന്റെ ഇൻസ്റ്റഗ്രാമിലെ ‘കുട്ടിസഖാവ്’ പേജാണ് മെറ്റ കഴിഞ്ഞ ദിവസം പൂട്ടിച്ചത്. ബാലസംഘത്തിന്റെ ഓഫീസും പ്രവർത്തനങ്ങളും പങ്കുവച്ച വീഡിയോക്ക് പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ അഭിനന്ദനം അറിയിച്ചിരുന്നു.
ഒറ്റദിവസംകൊണ്ട് 25 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. തുടർന്നാണ് പേജ് പൂട്ടിച്ചത്. ഇതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനെ പിണറായി അഭിനന്ദിച്ചത്.
തൃശൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ അതിഥിയാണ് സമാനും കൂട്ടുകാരും. അവിടേക്ക് യാത്ര പുറപ്പെടാനിരിക്കെയാണ് തിങ്കൾ പകൽ മൂന്നോടെ പിണറായിയുടെ വിളിവന്നത്. സമാനോടും കൂട്ടുകാരോടും വിശേഷങ്ങൾ ആരാഞ്ഞ പിണറായിയോട് പിതാവ് സൈനുൽ ആബിദും സംസാരിച്ചു. പുതിയ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയതായും സൈനുൽ ആബിദ് പറഞ്ഞു.









0 comments