ad
Deshabhimani

ഇക്വഡോറിനെ സമനിലയിൽ പിടിച്ചുകെട്ടി; കുറസാവോയ്ക്ക് ലോകകപ്പില്‍ ആദ്യ പോയിന്റ്

curacao vs ecuador
വെബ് ഡെസ്ക്

Published on Jun 21, 2026, 07:52 AM | 1 min read

മിസോറി : ​ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ സമനിലയിൽ കുരുക്കി കുറസാവോ. ഇതോടെ ഇരു ടീമുകളും ഈ ലോകകപ്പിൽ ആദ്യമായി ഓരോ പോയിന്റ് വീതം നേടി. ദക്ഷിണ കരീബിയൻ സമുദ്രത്തിലെ കൊച്ചു ​ദ്വീപായ കുറസാവോ ഇതോടെ ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് തങ്ങളുടെ ആദ്യ പോയിന്റ് നേടി. 444 ചതുരശ്ര കിലോ മീറ്റർ വലിപ്പവും 1,56,000 പേർ മാത്രം താമസിക്കുന്നതുമായ കുറസാവോ ഈ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ്‌.


നാല്‌ തവണ ജേതാക്കളായ ജർമനിയുമായി നടന്ന ആദ്യകളിയിൽ 7-1ന് പരാജയപ്പെട്ടിരുന്നു. ഒരു പോയിന്റ് നേടിയെങ്കിലും നിലവിൽ നാലാം സ്ഥാനത്താണ് കുറസാവോ. കളിയിലുടനീളം ഇക്വഡോറിനായിരുന്നു ആധിപത്യമെങ്കിലും കുറസാവോ ​ഗോളിയെ മറികടന്ന പന്ത് വലയിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. മികച്ച സേവുകളുമായി കുറസാവോ ​ഗോളി എലോയ് റൂം കളം നിറ‍ഞ്ഞതോടെ ഇക്വഡോറിന്റെ വിജയ മോ​ഹങ്ങൾ മങ്ങി. 15 നിർണായക സേവുകളാണ് 37കാരനായ റൂം നടത്തിയത്.


കളിയിലുടനീളം പന്ത് ഇക്വഡോർ താരങ്ങളുടെ കാലിലായിരുന്നു. 75 ശതമാനമാണ് ഇക്വഡോറിന്റെ ബോൾ പൊസഷൻ. 26 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുത്തതിൽ 15 എണ്ണവും റൂം തടഞ്ഞു. എന്നാൽ ഇക്വഡോർ ​ഗോളി ഹെർമൻ ​ഗാലിൻഡസിനെ കുറസാവോ കാര്യമായി പരീക്ഷിച്ചില്ല. വെറും നാല് തവണ മാത്രമാണ് കുറസാവോ ലക്ഷ്യത്തിലേത്ത് പന്തുതട്ടിയത്. എന്നാൽ റൂമും കുറസാവോ പ്രതിരോധനിരയും ചേർന്ന് ഇക്വഡോറിനെ പിടിച്ചുകെട്ടി. ആറ് മഞ്ഞക്കാർഡുകളാണ് മത്സരത്തിൽ പിറന്നത്.


ആദ്യ മത്സരത്തിൽ ഇക്വഡോർ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. 26നുള്ള ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുറസാവോ ഐവറി കോസ്റ്റിനെയും ഇക്വഡോർ ജർമനിയെയും നേരിടും. നിലവിൽ രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി ജർമനിയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റോടെ ഐവറി കോസ്റ്റ് രണ്ടാമതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home