ad
Deshabhimani

print edition കാർലോ ക‍ൗശലം

Carlo Ancelotti

photo credit: Carlo Ancelotti facebook

വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

ഹൂസ്‌റ്റൺ : ശാന്തരായിരിക്കാനാണ്‌ കളിയുടെ ഓരോ ഘട്ടത്തിലും കാർലോ ആൻസെലോട്ടി ബ്രസീൽ കളിക്കാരോട്‌ പറഞ്ഞത്‌. ഗോൾ വഴങ്ങിയപ്പോഴും അടിച്ചപ്പോഴും ശാന്തത കൈവിട്ടില്ല. ഏത്‌ നിമിഷവും എതിർ ബോക്‌സിൽ അപകടം വിതയ്‌ക്കാനുള്ള ഒരുക്കം നടത്തുക. അതിനുള്ള അവസരം എപ്പോഴായാലും ലഭിക്കും. സുന്ദരമായി പന്ത്‌ തട്ടണമെന്നില്ല, പൂർണത നേടണമെന്നുമില്ല. പക്ഷേ, ലക്ഷ്യം കാണണം. ഇതാണ്‌ ആൻസെലോട്ടിയുടെ നിലപാട്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ അഞ്ച്‌ കിരീടങ്ങൾ സ്വന്തമാക്കിയ കോച്ചിന്‌ കളിയുടെ ഗതി ഏത്‌ നിമിഷവും മാറ്റാനറിയാം.


ജപ്പാനെതിരെ ബ്രസീൽ ടീം രണ്ടാം പകുതിയിൽ പുറത്തെടുത്ത പ്രകടനം കാർലോയുടെ ക‍ൗശലത്തിന്‌ അടിവരയിടുന്നു. ‘ഞങ്ങൾ ഒരിക്കലും ക്ഷമ കൈവിട്ടില്ല. ആദ്യപകുതിയിൽ മോശമായില്ല. ഇടവേളയ്‌ക്കുശേഷം കൂടുതൽ ക്രോസുകൾ ബോക്‌സിലേക്ക്‌ തൊടുക്കാൻ കഴിഞ്ഞു. കളത്തിലും ബെഞ്ചിലും മികച്ച നിരയാണുള്ളത്‌. ജപ്പാൻ കടുത്ത എതിരാളികളായിരുന്നു. സംഘടിതമായ പ്രതിരോധമായിരുന്നു അവരുടേത്‌. ഫുട്‌ബോളിൽ ഏത്‌നിമിഷവും പിഴവുകളുണ്ടാകാം. ഒരാളും പൂർണരല്ല. പക്ഷേ, എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നമ്മൾ മനസിലാക്കിയിരിക്കണം. അതാണ്‌ രണ്ടാംപകുതിയിൽ കണ്ടത്‌. ഞങ്ങൾ ഗോളടിക്കില്ലെന്ന്‌ ആരും കരുതില്ല. ഏറെ പ്രധാനം മാനസിക കരുത്താണ്‌. അത്‌ ഞങ്ങൾക്കുണ്ടായി’ ആൻസെലോട്ടി പറഞ്ഞു. അധികസമയത്തേക്ക്‌ കളി നീങ്ങുകയാണെങ്കിൽ നെയ്‌മറെ കളത്തിലിറക്കുമായിരുന്നുവെന്നും കോച്ച്‌ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home