print edition ഒഴുകി ബ്രസീൽ... അവസാന 45 മിനിറ്റിൽ അതിമനോഹര പ്രകടനം

photo credit: Confederação Brasileira de Futebol facebook
ഹൂസ്‌റ്റൺ : പിഴവുകൾ തിരുത്തിയ ബ്രസീൽ പ്രതീക്ഷ പകരുകയാണ്. ലോകകപ്പ് -ഫുട്‌ബോളിൽ പൊരുതിനിന്ന ജപ്പാനെ 2–1ന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ കടന്ന ബ്രസീൽ ആറാമതൊരു ലോക കിരീടം സ്വപ്‌നം കാണുന്നു. റൗണ്ട് ഓഫ് 32ൽ രണ്ട് കാഴ്‌ചകളായിരുന്നു. ആദ്യപകുതിയിൽ ബ്രസീലിന്റെ ദൗർബല്യം വെളിപ്പെട്ടു. രണ്ടാംപകുതിയിൽ കരുത്തും സൗന്ദര്യവും തെളിഞ്ഞു. സമീപകാലത്തെ ഏറ്റവും ആധികാരികവും മനോഹരവുമായ പ്രകടനമാണ് അവസാന 45 മിനിറ്റിൽ ഹൂസ്‌റ്റണിൽ കണ്ടത്. എന്തുകൊണ്ട് ഇറ്റലിക്കാരൻ കാർലോ ആൻസെലോട്ടിയെ ബ്രസീൽ പരിശീലകനാക്കി എന്ന് തെളിഞ്ഞ ദിനം.
ആദ്യപകുതിയിൽ ബ്രസീൽ വലഞ്ഞുപോയി. ജപ്പാന്റെ കൃത്യതയുള്ള നീക്കങ്ങൾക്ക് തടയിടാനോ അർഥപൂർണമായ ആക്രമണങ്ങൾ നയിക്കാനോ കഴിയാത്ത അവസ്ഥ. കാസെമിറോയുടെ വേഗക്കുറവ് മധ്യനിരയുടെ സംവിധാനത്തെയാകെ ബാധിച്ചു. സെന്റർ ബാക്ക് ഡാനിലോയുടെ പിഴവുകൾ കളിഗതി പ്രതികൂലമാക്കി. കയ്‌ഷു സിനോയുടെ ഗോൾ വരുന്നതും ഡാനിലോയുടെ പിഴവിൽനിന്നാണ്. ആൻസെലോട്ടി ഒരിക്കൽപ്പോലും കാസെമിറോയിൽ അവിശ്വാസം കാട്ടിയില്ല. പരിചയസന്പത്ത് മുതൽക്കൂട്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചു. ആദ്യപകുതി അവസാനിക്കുന്പോൾ ഇൗ ബ്രസീൽ എങ്ങനെ തിരിച്ചുവരുമെന്ന് ആരാധകർ ആശങ്കപ്പെട്ടു. 2002നുശേഷം നോക്കൗട്ട് ഘട്ടത്തിൽ ഒരു ഗോളിനുപിന്നിട്ടശേഷം ജയിക്കാനായിട്ടില്ലെന്ന ഭൂതകാലം അവരിൽ ആശങ്ക പടർത്തി.
ആൻസെലോട്ടി മറ്റൊരു ചിന്തയിലായിരുന്നു. ലാറ്റിനമേരിക്കയുടെ തനതുശൈലിയായ കുറിയ പാസുകൾ കൊണ്ട് ജപ്പാന്റെ സങ്കീർണമായ പ്രതിരോധനിരയെ ചിതറിക്കാൻ കഴിയില്ലെന്ന് കോച്ച് മനസിലാക്കി. ഇടവേളയ്‌ക്കുശേഷം ലൂകാസ് പക്വേറ്റയ്‌ക്ക് പകരം എൻഡ്രിക്കിനെ കൊണ്ടുവന്നു. എൻഡ്രിക്കിന്റെ അതിവേഗ നീക്കങ്ങൾ ജപ്പാനെ പിന്നാക്കം വലിച്ചു. ഇരുപത് മിനിറ്റിനുള്ളിൽ മതേവൂസ് കുന്യയ്‌ക്ക് പകരം മറ്റൊരു വേഗക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലിയുമെത്തി. ജപ്പാൻ ഗോൾമുഖത്തേക്ക് നിരന്തരം ക്രോസുകൾ തൊടുക്കാൻ തുടങ്ങി. ബ്രൂണോ ഗുയ്‌മറെസും വിനീഷ്യസ് ജൂനിയറും ഇരുവശങ്ങളിലും നീക്കങ്ങൾ നെയ്‌തു. ആദ്യപകുതിയിൽ 15 ക്രോസുകളാണ് തൊടുത്തതെങ്കിൽ അടുത്ത 45 മിനിറ്റിൽ അത് 23 എണ്ണമായി.
അവസാന നിമിഷങ്ങളിൽ ഓരോ രണ്ട് മിനിറ്റിലും ഒരു ക്രോസ് ജപ്പാൻ ഗോൾമുഖത്തേക്കെത്തി. ഇടവേളയ്‌ക്കുശേഷമുള്ള ഗബ്രിയേൽ മഗാലിയസിന്റെ തകർപ്പനൊരു ക്രോസിനെ തലകൊണ്ട് കുത്തിയാണ് കാസെമിറോ ബ്രസീലിന് ജീവൻ നൽകുന്നത്. ജപ്പാൻ ഗോൾകീപ്പർ സുസുക്കിയുടെ വീരോചിത പ്രകടനമാണ് തുടർന്നുള്ള ഓരോ ഘട്ടത്തിലും ബ്രസീലിനെ തടഞ്ഞത്. അധികസമയത്തേക്ക് എങ്ങനെയെങ്കിലും കളി നീട്ടിയെടുക്കാനായിരുന്നു ജപ്പാന്റെ ശ്രമം. നോക്കൗട്ട് ഘട്ടത്തിൽ കളിയുടെ ദൈർഘ്യം കൂടുംതോറും സമ്മർദവുമേറുമെന്ന് ആൻസെലോട്ടിക്ക് വ്യക്തമായിരുന്നു. കൂട്ടായി ആക്രമിക്കുക എന്നതായിരുന്നു കോച്ചിന്റെ ഉപദേശം.
പത്തൊന്പതുകാരൻ റയാൻ നിരന്തരം ബോക്‌സിലേക്ക് പാസുകൾ തൊടുത്തു. ഇതിനിടെയാണ് ജപ്പാന് പ്രതിരോധപ്പിഴവ് സംഭവിക്കുന്നത്. ബോക്‌സിനുള്ളിലെ ആ പിഴവ് നികത്താനായില്ല. ഗുയ്‌മറെസ് ഇടതുവശത്ത് മാർട്ടിനെല്ലിക്ക് പന്ത് നൽകുന്പോൾ എട്ടോളം ജപ്പാൻ താരങ്ങളുണ്ടായിരുന്നെങ്കിലും ആർക്കും തടയാനായില്ല. ഇൗ ലോകകപ്പിൽ ആദ്യമായാണ് ബ്രസീൽ കൂടുതൽ പാസുകൾ നൽകി കളിച്ചത്. 682 പാസുകൾ മത്സരത്തിൽ പൂർത്തിയാക്കി.
തല ഉയർത്തി മടങ്ങി ജപ്പാൻ
ലോകകപ്പിൽ പ്രീ ക്വാർട്ടറിലെത്താതെ പുറത്തായെങ്കിലും തല ഉയർത്തിയാണ് ജപ്പാന്റെ മടക്കം. അതിവേഗക്കളിയിലൂടെ ബ്രസീലിനെ വിറപ്പിക്കാൻ ഏഷ്യക്കാർക്കായി. ആദ്യ പകുതിയിൽ സ്‌കോർ ചെയ്‌ത് വന്പൻ അട്ടിമറിക്ക് കോപ്പുകൂട്ടിയെങ്കിലും കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ വരുത്തിയ ചെറിയ പിഴവാണ് ജപ്പാന്റെ വഴിയടച്ചത്. മത്സരശേഷം കണ്ണീരടക്കാൻ പാടുപെട്ട ജപ്പാൻ താരങ്ങളെ ആശ്വസിപ്പിക്കാൻ ആദ്യമെത്തിയത് നെയ്‌മറും മതേവൂസ് കുന്യയുമടക്കമുള്ള ബ്രസീൽ താരങ്ങളായിരുന്നു.










0 comments