ബാലൻ ഡി ഓർ ഓഫ് ഓൾ ടൈം നേടി റൊണാൾഡോ; പിന്തള്ളിയത് മെസിയെ

പാരീസ്: എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അർജന്റീനയുടെ മുൻ നായകൻ ലയണൽ മെസിയെ മറികടന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അവതരിപ്പിച്ച പ്രഥമ ബാലൻ ഡി ഓർ ഓഫ് ഓൾ ടൈം (Ballon d’or of All Time) പുരസ്കാരമാണ് താരം സ്വന്തമാക്കിയത്.
ബാലൻ ഡി ഓർ പുരസ്കാരത്തിൻറെ 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് യുവേഫയും ഫ്രാൻസ് ഫുട്‌ബോളും ചേർന്ന് പ്രത്യേക വോട്ടെടുപ്പ് നടത്തിയത്. ഒന്നിൽ കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടി പത്ത് ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച സീസണുകളിൽ നിന്നായിരുന്നു വോട്ടെടുപ്പ്. 2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നടത്തിയ അവിസ്മരണീയ പ്രകടനമാണ് പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 42 ഗോളുകൾ നേടിയ റൊണാൾഡോ ടീമിന് പ്രീമിയർ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.
2012ൽ ബാഴ്സലോണക്കായി മെസി നടത്തിയ പ്രകടനങ്ങളാണ് രണ്ടാം സ്ഥാനത്തെത്തിയത്. സീസണിൽ 91 ഗോളുകളാണ് മെസി നേടിയത്. റൊണാൾഡോയും മെസിയും തന്നെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനവും നേടിയത്. 2008, 2017, 2016, 2014, 2013 സീസണിലെ റൊണാൾഡോയുടെ പ്രകടനവും 2012, 2023, 2015, 2011, 2009 എന്നീ സീസണിലെ മെസിയുടെ പ്രകടനവുമാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.









0 comments