സന്തോഷ് ട്രോഫി ഫുട്ബോൾ വീണ്ടും കേരളത്തിലേക്ക് ?

സന്തോഷ് ട്രോഫി കേരളം ടീം (ഫയൽ ചിത്രം)
കൊച്ചി: കേരള ഫുട്‌ബോളിന്‍റെ അഭിമാനവും പാരമ്പര്യവും പേറുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. മത്സരം നടത്താൻ തയ്യാറാണെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. 2027 ജനുവരിയിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക. നിലവിലെ റണ്ണറപ്പുകളായ കേരളം കഴിഞ്ഞ തവണയും ആതിഥ്യമരുളാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അസമിനാണ് അവസരം നൽകിയത്. 2022ലാണ് കേരളം അവസാനമായി വേദിയായത്.
സന്തോഷ് ട്രോഫ് നടത്താനുള്ള താൽപര്യം അറിയിച്ചുണ്ടെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ വ്യക്തമാക്കി. കേരളത്തിന് അനുമതി ലഭിച്ചാൽ വേദിയുടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയും കോഴിക്കോടും പ്രധാന വേദികളാവനാണ് സാധ്യത. അതിന് പുറമെ കണ്ണൂർ, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലായി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താൻ കഴിയുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. തുടർച്ചയായ രണ്ട് തവണ ഫൈനലിൽ കണ്ണീരണിഞ്ഞ കേരളം, സ്വന്തം ആരാധകർക്ക് മുന്നിൽ എട്ടാം കിരീടം ഉയർത്താനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ സർവീസസിനോടാണ് തോറ്റത്. അതിന് മുമ്പ് ബംഗാളിനോടും തോറ്റ് മടങ്ങി.
1973ൽ കൊച്ചിയിൽ ക്യാപ്‌റ്റൻ മണിയുടെ നേതൃത്വത്തിലാണ് ആദ്യമായി കേരളം ചാമ്പ്യൻമാരാകുന്നത്. പിന്നീട് ആറുവട്ടം ദേശീയ ചാമ്പ്യൻഷിപ്പിൽ മലയാളിമുത്തമുണ്ടായി. പ്രഥമ കിരീടത്തിന്റെ അലയൊലികൾ ഇന്നും മാഞ്ഞിട്ടില്ല. അന്ന് റെയിൽവേസിനെ 3–2ന് തോൽപ്പിച്ചു. ക്യാപ്‌റ്റൻ ടി കെ എസ് മണിയുടെ ഐതിഹാസിക ഹാട്രിക്കിലായിരുന്നു ജയം പിടിച്ചത്. സൈമൺ സുന്ദർരാജായിരുന്നു കോച്ച്. ആദ്യനേട്ടത്തിനുശേഷം 19 വർഷമെടുത്തു അടുത്തതിന്. 1992ൽ കോയമ്പത്തൂരിൽ വി പി സത്യന്റെ കീഴിൽ ഗോവയെ 3–0ന് മടക്കി. 1993ൽ കൊച്ചിയിലും ആവർത്തിച്ചു. മഹാരാഷ്‌ട്രയെ രണ്ട് ഗോളിന് തകർത്തു. കുരികേശ് മാത്യുവായിരുന്നു ക്യാപ്‌റ്റൻ. ഇന്ന് കേരളത്തിന്റെ ഗോൾകീപ്പിങ് കോച്ചായ കെ ടി ചാക്കോയായിരുന്നു അന്നത്തെ കാവൽക്കാരൻ. 92ലും 93ലും ടി എ ജാഫറാണ് പരിശീലകസ്ഥാനത്ത്.
നാലാം കിരീടം 2001ലായിരുന്നു. മുംബൈയിൽ വാശിയേറിയ ഫൈനലിൽ അധികസമയക്കളിയിൽ ഗോവയെ 3–2ന് വീഴ്‌ത്തി. എം എ അബ്‌ദുൾ ഹക്കീം ഹാട്രിക് നേടി. ആർ രാജേഷായിരുന്നു ക്യാപ്‌റ്റൻ. എം പീതാംബരൻ കോച്ചും. 2004ൽ ന്യൂഡൽഹിയായിരുന്നു വേദി. പഞ്ചാബിനെ അധികസമയക്കളിയിൽ 3–2ന് എസ് ഇഗ്‌നേഷ്യസിന്റെ സംഘം വീഴ്‌ത്തി. പീതാംബനായിരുന്നു അന്നും പരിശീലകൻ. ഇന്ന് കേരളത്തിന്റെ സഹപരിശീലകനായ എബിൻ റോസ് ആ ടീമിലുണ്ടായിരുന്നു. 14 വർഷത്തെ ഇടവേളയ്‌ക്കുശേഷം കൊൽക്കത്തയിൽ സതീവൻ ബാലൻ പരിശീലിപ്പിച്ച യുവനിര കിരീടവരൾച്ചയ്‌ക്ക് അവസാനമിട്ടു. ആതിഥേയരായ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി. രാഹുൽ രാജായിരുന്നു ക്യാപ്‌റ്റൻ. ഗോൾകീപ്പർ വി മിഥുൻ വിജയശിൽപ്പിയായി. 2022ൽ മലപ്പുറം മഞ്ചേരിയിൽ സ്വന്തംമണ്ണിലായിരുന്നു അവസാന നേട്ടം. ബംഗാളിനെ ഷൂട്ടൗട്ടിൽ മറികടന്നു. ബിനോ ജോർജ് പരിശീലിപ്പിച്ച ടീമിന്റെ ക്യാപ്‌റ്റൻ ജിജോ ജോസഫായിരുന്നു.










0 comments