ആകെ കിട്ടുന്ന പെൻഷനാണ്; ഞങ്ങളിനി എന്തു ചെയ്യണം... കണ്ണീരോടെ ജനങ്ങൾ

എഐ പ്രതീകാത്മകചിത്രം
ആകെ കിട്ടുന്ന ആശ്വാസമാണ് പെൻഷൻ തുക. അത് വീട്ടിലെത്തിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുപോകുന്നു. ഇനി അതും ഇല്ലെന്നാണ് പറയുന്നത്. ഞങ്ങളിനി എന്തുചെയ്യണം... കണ്ണീരോടെ ചോദിക്കുന്നത് സംസ്ഥാനത്തെ വയോജനങ്ങളാണ്. ചോദ്യം യുഡിഎഫ് സർക്കാരിനോടും. നാളുകളായി വയോജനങ്ങൾക്ക് വീടുകളിലെത്തിച്ച് നൽകിയിരുന്ന പെൻഷൻ തുക ഇനി വീടുകളിലെത്തില്ല, പകരം ബാങ്കുകളിലെത്തുമെന്നാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ തീരുമാനം. അപ്പോൾ ഉയരുന്ന ചോദ്യമിതാണ്- വയോധികർക്ക് ബാങ്കുകളിലെത്താനാകുമോ?... ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിടുന്ന, അവശതയനുഭവിക്കുന്ന വയോജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആശ്വാസ പെൻഷൻ മുടക്കുന്നതിലൂടെ കപട വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ, തങ്ങൾക്ക് പ്രധാനം ജനങ്ങളല്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പരസഹായമില്ലാതെ നടക്കാൻ പോലും ബുദ്ധിമുട്ടുന്ന വയോജനങ്ങൾ ഇനി തങ്ങൾക്ക് ലഭിക്കുന്ന ഏക ആശ്വാസത്തിനായി ബാങ്കുകളുടെ പടികൾ കയറിയിറങ്ങി ക്യൂ നിൽക്കേണ്ടി വരും. ഞങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയിട്ടും എന്തിനാണി ക്രൂരതയെന്നാണ് ഓരോരുത്തരും ചോദിക്കുന്നത്.
ആരുടെ മുന്നിലും കൈനീട്ടാതെ മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങളിൽ വയോജനങ്ങൾക്ക് തുണയാകുന്നത് ഈ ക്ഷേമ പെൻഷൻ മാത്രമാണ്. നിലവിൽ പെൻഷൻ മാത്രം ആശ്രയമായിട്ടുള്ളവരാണ് ഏറെ പേരും. ഇവരുടെ ഏക ആശ്രയത്തിനും കത്തി വയ്ക്കുകയാണ് യുഡിഎഫ് സർക്കാർ. കെട്ടിടങ്ങളുടെ മുകൾനിലകളിലുള്ള ബാങ്കുകളിലടക്കം എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, ബാങ്കുകളിലെത്താനായി അധിക വാഹനച്ചെലവ്, എടിഎം, ഡിജിറ്റൽ ബാങ്കിങ് തുടങ്ങിയവ ഉപയോഗിക്കാനുള്ള പരിചയക്കുറവ്, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും അസുഖമുള്ളവർക്കും യാത്ര ചെയ്യേണ്ടിവരുന്നു, ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്കടക്കം ബാങ്കുകളിലെ നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടിവരുന്നത്, പണം പിൻവലിക്കാൻ ബന്ധുക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കേണ്ട അവസ്ഥ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വയോജനങ്ങൾ നേരിടേണ്ടി വരിക. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബാങ്കുകളിലെത്തി കഷ്ടപ്പെട്ട് പണം പിൻവലിച്ചാലും പിന്നീട് തനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴുള്ള സുരക്ഷാ ആശങ്കകളും ഭീതിയുണർത്തുന്നതാണ്. ഗ്രാമീണ, മലയോര മേഖലകളിൽ ബാങ്കിങ് സൗകര്യം അകലെയായതിനാൽ ഇവിടങ്ങളിലുള്ള വയോജനങ്ങൾ അധിക പ്രയാസം അനുഭവിക്കേണ്ടിവരും. ഇതിനെല്ലാം പുറമെ വീട്ടിലെത്തിയിരുന്ന പെൻഷൻ നൽകിയിരുന്ന സൗകര്യവും സാമൂഹിക പിന്തുണയും നഷ്ടപ്പെടുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
കേന്ദ്രത്തെ പ്രീണിപ്പിക്കാനായാണ് ഈ നടപടിയെന്ന് സുവ്യക്തമാണ്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനായി മുമ്പും പലതരത്തിലുള്ള ന്യായങ്ങൾ നിരത്തി പെൻഷൻ വീട്ടിലെത്തിക്കുന്നത് തടയാൻ കേന്ദ്രം ശ്രമിച്ചിട്ടുണ്ടെങ്കിലും എൽഡിഎഫ് സർക്കാർ വഴങ്ങിയിരുന്നില്ല. എന്നാൽ അധികാരത്തിലേറി നാളുകൾ കഴിയുന്നതിനുമുമ്പേ കേന്ദ്രം പറഞ്ഞത് അപ്പാടെ അനുസരിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ് യുഡിഎഫ്. അധികാരത്തിലെത്തിയാൽ പെൻഷൻ തുക 3000 ആയി ഉയർത്തുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് ജനങ്ങൾ തന്നെ പറയുന്നു.
ഇതുവഴി പെൻഷൻ വാങ്ങുന്ന ജനങ്ങൾ മാത്രമല്ല, സഹകരണ സംഘങ്ങൾ കൂടിയാണ് പ്രതിസന്ധിയിലാകുന്നത്. സഹകരണസംഘങ്ങളെ ഒന്നാകെ ഇല്ലാതെയാക്കാനുള്ള കേന്ദ്ര- കേരള സർക്കാരുകളുടെ ശ്രമത്തിന്റെ ഭാഗമാണിത്. വിതരണം ചെയ്യാത്ത പെൻഷൻ തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുന്നുണ്ട് എന്നതാണ് വീടുകൾ കയറിയുള്ള പെൻഷൻ വിതരണം നിർത്താനായി ഉന്നയിക്കുന്ന കാരണം. പെൻഷൻ നൽകേണ്ടവരുടെ അർഹത സർക്കാർ പരിശോധിച്ചശേഷമാണ് സംഘങ്ങൾക്ക് നൽകുന്നത്. വിതരണത്തിൽ ഇതുവരെ പരാതിയും ഉണ്ടായിട്ടില്ല. വിതരണം ചെയ്യാത്ത പെൻഷൻ തുക കൃത്യമായി തിരിച്ചടച്ചെങ്കിൽ മാത്രമേ ഇൻസെന്റീവ് വിതരണം ചെയ്യാറുള്ളൂ. ഈ സാഹചര്യമാണ് വസ്തുതയെന്ന നിലയിലിരിക്കെയാണ് ഇല്ലാ ന്യായങ്ങൾ പറഞ്ഞ് കേന്ദ്രവും യുഡിഎഫും മുടക്കുന്നത്. വിതരണത്തിന് കലക്ഷൻ ഏജന്റുമാർക്ക് 25 രൂപ ഇൻസെന്റീവ് നൽകിയിരുന്നു. പതിനായിരത്തോളം കലക്ഷൻ ഏജന്റുമാരുടെ ഉപജീവനമാർഗംകൂടിയാണ് ഇല്ലാതാക്കുന്നത്.
1980ൽ നായനാർ സർക്കാരാണ് ഇന്ത്യയിലാദ്യമായി സാമൂഹ്യക്ഷേമ പെൻഷൻ നടപ്പാക്കുന്നത്. അന്ന് മാസം 45 രൂപ പെൻഷൻ പ്രഖ്യാപിച്ച് നടപ്പാക്കി. ഈ സമ്പ്രദായം കോൺഗ്രസ് ശക്തമായി എതിർത്തു. കൃഷിക്കാരും കർഷകത്തൊഴിലാളികളും സമൂഹത്തിന് ‘അന്നം' നൽകുന്നവരാണ്. അവരുടെ ജീവിതാവസാനകാലത്ത് സ്വന്തമായി വരുമാനം ലഭിക്കുന്നത് വിവരണാതീതമായ ആശ്വാസമാണ് പകർന്നുനൽകുന്നത്. ഈ നിലപാടിൽ അന്നത്തെ നായനാർ സർക്കാർ ഉറച്ചുനിന്നു. പിന്നീട് 2016 വരെ വിവിധ ജനവിഭാഗങ്ങൾക്ക് പെൻഷൻ അനുവദിക്കപ്പെട്ടു. 2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. അന്ന് സാമൂഹ്യപെൻഷൻ ലഭ്യമാകുന്ന എല്ലാവരുടെയും പെൻഷൻ 600 രൂപയായിരുന്നു. 2016ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ കുടിശ്ശിക പൂർണമായും കൊടുത്തുതീർത്തു. 2016നും 2024നും ഇടയിൽ പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1600 രൂപയായി വർധിപ്പിച്ചു. 2016 വരെ നൽകിയ പെൻഷൻ വിഹിതത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 100 രൂപ മാത്രമാണ് വർധിപ്പിച്ചത്.
സഹകരണബാങ്കുകൾ വഴി പെൻഷൻ വീട്ടിലെത്തിക്കുന്നത് തടയാൻ മുമ്പും കേന്ദ്രം ശ്രമിച്ചെങ്കിലും എൽഡിഎഫ് സർക്കാർ വഴങ്ങിയിരുന്നില്ല. പെൻഷൻ വീട്ടിലെത്തിക്കുന്നത് പ്രായമായവർക്ക് വലിയ ആശ്വാസമായിരുന്നു. ഒരുമാസം മുടങ്ങിയാലോ വൈകിയാലോ നേരിട്ട് അന്വേഷിക്കാനുള്ള സംവിധാനംകൂടിയായിരുന്നു സഹകരണ ബാങ്കുകൾ. വളരെ വേഗത്തിലും കൃത്യമായും ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ തുക ലഭിക്കാൻ ഇനി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം ഗുണഭോക്താക്കളും. ചേർത്തുപിടിക്കേണ്ട സർക്കാർ തന്നെ ദ്രോഹം തുടരുമ്പോൾ ഇനി എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് ഒരോ വയോജനങ്ങളും ചോദിക്കുന്നത്.










0 comments