ശമനമില്ലാതെ വന്യജീവി ആക്രമണം
വീട്ടില്‍ കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അകത്ത് കയറിയ കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള ശ്രമം, പ്രദേശത്ത് തടിച്ചുകൂിടയവര്‍
മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ വീട്ടിൽ കാട്ടുപന്നിയുടെ ആക്രമണം. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് രക്ഷപ്പെട്ടത് അമ്മാവന്റെ സമയോചിത ഇടപെടലിൽ. മഞ്ചേരി സ്വദേശി അലവിയുടെ വീട്ടിലാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പിന്നീട് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വീടിന്റെ തുറന്നു കിടന്ന മുൻവാതിലിലൂടെയാണ് കാട്ടുപന്നി അകത്തേയ്ക്ക് കയറിയത്. പിന്നാലെ അടുക്കളയിലേയ്ക്ക് ഓടുകയും ആളുകളെ കണ്ടതോടെ പരിഭ്രാന്തിയിൽ അലവിയുടെ മകൻ ഫവാസിൻ്റെ രണ്ടരവയസ്സുകാരിയായ മകൾ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്ക് പന്നി ഓടിക്കയറിയത്.
വാതിലിനോട് ചേർന്ന് കുട്ടി നിൽക്കുന്നത് കണ്ട ഫവാസിൻ്റെ അമ്മാവൻ അബ്ദുൾ ഹക്കീം സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ വാരിയെടുത്ത് പുറത്തെത്തിച്ച് വാതി പുറത്തുനിന്നും പൂട്ടുകയായിരുന്നു. വീട്ടികാർ വാർഡുകൗൺസിലർ പി ഷംസിയയെ വിവരം അറിയിച്ചു. നഗരസഭയുടെ അനുമതിയോടെ എംപാനൽഡ് ഷൂട്ടർമാരായ കെ വി ഇല്യാസ് ബാബുവും സഹോദരൻ നൗഷാദും സ്ഥലത്ത് എത്തി ജനൽപ്പാളി തുറന്ന് മുറിക്കുള്ളിലുണ്ടായിരുന്ന പന്നിയെ വെടിവെച്ചുകൊന്നു. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത ജഡം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു.
പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവാണെന്നാണ് വിവരം. മുറിയിൽപ്പെട്ടുപോയ കാട്ടുപന്നിയുടെ പരാക്രമണത്തിൽ കിടക്കയും ജനൽ കർട്ടനുകൾക്കും മറ്റ് ഫർണീച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണവും വർധിച്ചുവരികയാണ്. അടുത്തിടെയാണ് ഇടുക്കി ജില്ലയിലെ മറയൂരിൽ സ്കൂളിൽ പോകാൻ നിന്ന കുട്ടിക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുത്ത് കുട്ടിയെ കൊമ്പിൽ കോർത്ത് വലിച്ചെറിഞ്ഞത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും വിദ്യാർഥി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.











0 comments