വിരമിക്കലിന് പിന്നാലെ പുതിയ ഇന്നിങ്‌സ്; യൂറോപ്യൻ ട്വന്റി 20 ലീഗിൽ അജിങ്ക്യ രഹാനെ

ഡബ്ലിൻ: മുൻ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ യൂറോപ്യൻ ട്വന്റി 20 പ്രീമിയർ ലീഗിന്റെ (ഇടിപിഎൽ) ഉദ്ഘാടന പതിപ്പിൽ ആംസ്റ്റർഡാം ഫ്ലെയിംസിനായി കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് എട്ട് ദിവസങ്ങൾക്കുശേഷമാണ്, രഹാനെയെ ടീമിലെത്തിച്ചതായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.
308 ട്വന്റി 20 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള രഹാനെ, ഈ ഫോർമാറ്റിൽ 7,968 റൺസ് നേടിയിട്ടുണ്ട്. 56 അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. യൂറോപ്പിൽ ക്രിക്കറ്റിന് വലിയ വളർച്ചാ സാധ്യതയുണ്ടെന്നും കളിയുടെ വികസനത്തിന് സംഭാവന നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും രഹാനെ പ്രതികരിച്ചു.
രഹാനെയുടെ അനുഭവവും നേതൃത്വപാടവവും ടീമിന് വലിയ കരുത്താകുമെന്ന് മുൻ ഓസ്ട്രേലിയൻ നായകനും ആംസ്റ്റർഡാം ഫ്ലെയിംസിന്റെ സഹസ്ഥാപകനുമായ സ്റ്റീവ് വോ പറഞ്ഞു.
സ്റ്റീവ് സ്മിത്ത്, ടിം ഡേവിഡ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ മാർഷ് എന്നിവരടങ്ങുന്ന ആംസ്റ്റർഡാം ഫ്ലെയിംസ് ടീമിൽ ഇനി രഹാനെയും അണിനിരക്കും. മിച്ചൽ മാർഷ് നയിക്കുന്ന ടീം ഓഗസ്റ്റ് 26 ന് ആരംഭിക്കുന്ന യൂറോപ്യൻ ട്വന്റി 20 പ്രീമിയർ ലീഗിൽ മത്സരത്തിനിറങ്ങും.










0 comments