ഇൻഫാന്റിനോ രാജിവയ്ക്കണമെന്ന് നോർവേ; വെക്കേണ്ടെന്ന് മെക്സിക്കോ

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും നോർവേ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലിസ് ക്ലാവ്നസും
ലണ്ടൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോകകപ്പിലെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെയാണ് നോർവേ ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്.
ഫിഫയെ സ്ഥിരതയോടെ നയിക്കാൻ ആവശ്യമായ സ്ഥാപനപരമായ വിശ്വാസം ഇൻഫാന്റിനോയ്ക്ക് നഷ്ടപ്പെട്ടുവെന്ന് നോർവേ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലിസ് ക്ലാവ്നസ് വ്യക്തമാക്കി. അന്താരാഷ്ട്ര ഫുട്ബോൾ സംവിധാനത്തിൽ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും നോർവേ ആവശ്യപ്പെട്ടു.
ഇംഗ്ലണ്ട്, വെയിൽസ്, ക്രൊയേഷ്യ, അൽബേനിയ എന്നീ ഫുട്ബോൾ അസോസിയേഷനുകൾ ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ചെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നില്ല. അതേസമയം, അർജന്റീനക്കൊപ്പം മെക്സിക്കോയും ഇൻഫാന്റിനോയുടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഫുട്ബോളിന്റെ വികസനത്തിനും സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തലിനുമായി ഇൻഫാന്റിനോ നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതായി മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇൻഫാന്റിനോയെ നീക്കാനുള്ള ഏത് ശ്രമവും 211 ഫിഫ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാകണമെന്ന് ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമെബോളും വ്യക്തമാക്കി.
യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും കോൺകകാഫും ഇൻഫാന്റിനോയുടെ തീരുമാനങ്ങളെ വിമർശിച്ചിട്ടുണ്ടെങ്കിലും, ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അദ്ദേഹത്തിന് പിന്തുണ തുടരുകയാണ്. 2027ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാലാം തവണയും മത്സരിക്കാൻ ഇൻഫാന്റിനോ ഒരുങ്ങുന്നതിനിടെയാണ് ഈ രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുന്നത്.










0 comments