ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി; ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. മിസോറാമിൽ ആഗസ്റ്റ് 3-ന് പുലർച്ചെ 2. 30-ഓടെയാണ് സംഭവം. പെൺകുട്ടികൾ തന്നെയാണ് കാച്ചാറിലെ ധോലൈ പൊലീസ് സ്റ്റേഷനിലെത്തി തങ്ങൾ അക്രമത്തിനിരയായ വിവരം അറിയിച്ചത്.
സംഭവത്തിൽ മൂന്ന് യുവാക്കളെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കാച്ചാർ ജില്ലയിലെ താമസക്കാരായ അംജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി കാച്ചാർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രജത് പാൽ വ്യക്തമാക്കി.
പൊലീസ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. തങ്ങളെ തട്ടിക്കൊണ്ടുപോവുകയും, ശക്തമായി എതിർത്തുനിൽക്കാൻ ശ്രമിച്ചിട്ടും ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും കുട്ടികൾ പൊലീസിന് മൊഴി നൽകി.
പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(2) (പ്രായപൂർത്തിയാകാത്ത സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യൽ), സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകൽ) കൂടാതെ പോക്സോ നിയമത്തിലെ സെക്ഷൻ 6 (കഠിനമായ ലൈംഗിക അതിക്രമം) എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.









0 comments