ad
Deshabhimani

എച്ച് എം ടി പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണം: ജോൺ ബ്രിട്ടാസ്

john brittas mp

ഡോ ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്ക്

Published on Aug 07, 2026, 07:17 PM | 1 min read

ന്യൂഡൽഹി: കാലങ്ങളായി മുടങ്ങിക്കിടക്കുന്ന എച്ച് എം ടി ലിമിറ്റഡിന്റെ പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കത്തയച്ചു.


2025 ഡിസംബർ 10ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിലും, കഴിഞ്ഞ ആഴ്ച പാർലമെന്റിൽ വെച്ചുനടന്ന ചർച്ചയിലും പുനരുദ്ധാരണ നടപടികൾ വൈകിപ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിരുന്നു. ആവശ്യമായ പ്രാഥമിക തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടും പാക്കേജ് ഇതുവരെ നടപ്പിലാക്കാത്തത് ആശങ്കാജനകമാണെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി.


നടപടിക്രമങ്ങളിലെ കാലതാമസം എച്ച് എം ടി യൂണിറ്റുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളവിതരണം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്. 2018 മുതൽ വിരമിച്ച തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങളും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 2023 വരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കളമശ്ശേരി യൂണിറ്റ് നിലവിലെ അനിശ്ചിതത്വം കാരണം കഴിഞ്ഞ മൂന്ന് വർഷമായി നഷ്ടം നേരിടുകയാണ്.


1953 മുതൽ ഇന്ത്യയുടെ വ്യാവസായിക വളർച്ചയുടെ ആണിക്കല്ലായി പ്രവർത്തിക്കുന്ന എച്ച് എം ടിയുടെ പുനരുദ്ധാരണം തൊഴിലാളികളുടെയും പെൻഷൻകാരുടെയും ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ മാത്രമല്ല, രാജ്യത്തിന്റെ തന്ത്രപ്രധാനമായ നിർമാണശേഷി ശക്തിപ്പെടുത്താനും അത്യന്താപേക്ഷിതമാണ്. അതിനാൽ വിഷയത്തിൽ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഉടനടി ഇടപെട്ട് അടിയന്തര തീരുമാനമെടുക്കണമെന്നും ജീവനക്കാരുടെയും കുടുംബങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home