ആ വാക്ക് വെറുതെയായിരുന്നു, ഒടുവിൽ സത്യം പറഞ്ഞു; മോഡിഫിക്കേഷനിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: അധികാരത്തിൽ എത്തിയാൽ വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന യുഡിഎഫിന്റെ പ്രധാന വാഗ്ദാനം പൊള്ളയായിരുന്നെന്ന് ഒടുവിൽ സർക്കാരിന്റെ തുറന്നുപറച്ചിൽ. വാഹന മോഡിഫിക്കേഷൻ നിയമങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെയും വാഹനപ്രേമികളെയും ലക്ഷ്യമിട്ട് നൽകിയ വലിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണ് മന്ത്രി.
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു അധികാരത്തിലെത്തിയാൽ വാഹന മോഡിഫിക്കേഷൻ സാധ്യമാക്കുമെന്നത്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് നിയമപരമായി ഒന്നും ചെയ്യാനാകില്ലെന്ന് എൽഡിഎഫും നിയമവിദഗ്ദരും അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. വാഹനപ്രേമികളായ യുവാക്കളെ ലക്ഷ്യമിട്ട് നൽകിയ ഉറപ്പ് അധികാരത്തിലെത്തിയശേഷവും സർക്കാർ ആവർത്തിക്കുകയും ചെയ്തു.
എന്നാലിപ്പോൾ വാഹനങ്ങളുടെ രൂപമാറ്റത്തിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ബാധകമാണെന്നും അവ മറികടന്ന് സംസ്ഥാനത്തിന് സ്വന്തമായി ഇളവുകൾ പ്രഖ്യാപിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി.
വാഹനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ വരുത്തണമെങ്കിൽ അത് എംവിഡി നിയമപ്രകാരമുള്ള രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പാടുള്ളൂ. അത്തരം മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ തന്നെ അത് കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും പൂർണ്ണമായി വിധേയമായിരിക്കണം. യാതൊരുവിധ അനിയന്ത്രിതമായ അധികാരങ്ങളും ആർക്കുമില്ലെന്നും വാഹനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമുള്ള ഡീലർമാർക്കോ സർക്കാർ ചുമതലപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്ത വർക്ഷോപ്പുകൾക്കോ മാത്രമേ അനുവാദമുള്ളൂ എന്നും മന്ത്രി മറുപടി നൽകി.
അധികാരത്തിലെത്തിയശേഷം, പ്രഖ്യാപനങ്ങൾക്കപ്പുറം എന്താണ് മാറിയതെന്ന ചോദ്യങ്ങൾക്ക് മറുപടിയായി നേരത്തെയുള്ളവ തന്നെ അവതരിപ്പിക്കുകയായിരുന്നു സർക്കാർ. സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, മഡ് ഫ്ലാപ്പുകൾ, ഡോർ വൈസറുകൾ തുടങ്ങിയ സാധാരണ ആക്സസറികൾ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പല ഘട്ടങ്ങളിലായി അവതരിപ്പിച്ചത്. നിലവിലെ നിയമങ്ങൾക്കുള്ളിൽ സാധ്യമായ കാര്യങ്ങളെ പുതിയ ഇളവുകളായി കാണിക്കുകയായിരുന്നു.
വാഹനത്തിന്റെ നിർമാതാവ് രേഖപ്പെടുത്തിയ അടിസ്ഥാന സവിശേഷതകൾ നിയമവിരുദ്ധമായി മാറ്റാൻ കഴിയില്ല. അനുവദനീയമായ രൂപമാറ്റങ്ങൾ പോലും കേന്ദ്രം നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണം. വാഹന നിർമാതാക്കളോ അംഗീകൃത ഡീലർമാരോ സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പുകളോ മുഖേനയാണ് സാങ്കേതിക മാറ്റങ്ങൾ നടത്തേണ്ടത്.
വാഹന മോഡിഫിക്കേഷന്റെ സാങ്കേതിക മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് സ്വതന്ത്രമായി ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തെ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. വി ശിവദാസൻ എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.









0 comments