പിഎസ്‍സിക്കെതിരായ വ്യാജ പ്രചാരണം; അട്ടിമറി ശ്രമങ്ങൾ പൊളിയുന്നു

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയുടെ പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവിനെ ക്രമക്കേടും തട്ടിപ്പുമാക്കി പിഎസ്‍സിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമങ്ങൾ പൊളിയുന്നു. പുകമറ സൃഷ്‌ടിച്ച് പിഎസ്‍സിയെ ദുർബലപ്പെടുത്തി വ്യാപകമായി പിൻവാതിൽ നിയമനം നടത്താനായിരുന്നു നീക്കം. ലക്ഷക്കണക്കിനാളുകൾ പരീക്ഷയെഴുതുമ്പോൾ റാങ്ക് പട്ടികയിൽ പിന്നിലുള്ളവർ നിയമനങ്ങളിൽ ആരോപണം ഉന്നയിക്കുന്നതും കോടതിയെ സമീപിക്കുന്നതും പതിവാണ്. ഇതെല്ലാം ഊതിവീർപ്പിച്ച് സംവിധാനമാകെ തകർന്നെന്ന് വരുത്താനായിരുന്നു ശ്രമം. പിഎസ്‍സിയുടെ വിവിധ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ഉയർന്നു വന്നിരിക്കുന്ന പരാതികളും അവയുടെ നിജസ്ഥിതിയും പിഎസ്‍സി തന്നെ ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി.
വസ്തുതകൾ നിരത്തി പിഎസ്‍സി
• എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്‌റ്റിക്സ് വകുപ്പ് റിസർച്ച് ഓഫീസർ
തസ്തികയുടെ പ്രൊവിഷണൽ ഉത്തരസൂചികയിൽ കൂടുതൽ ഉത്തരങ്ങൾ 'ബി' ഓപ്‌ഷൻ ആണെന്നാണ് ഒരു പരാതി. പിഎസ്‍സി പരീക്ഷയുടെ ചോദ്യപ്പേപ്പർ പൂർണമായും തയ്യാറാക്കുന്നത് ഏതെങ്കിലും ഒരു വിഷയവിദഗ്ദ്ധൻ അല്ല. സിലബസിൽ ഉൾപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നത് വ്യത്യസ്ത ചോദ്യകർത്താക്കളാണ്. ഉത്തരസൂചികകളിൽ ശരിയായ ഉത്തരങ്ങളുടെ ഓപ്ഷനുകൾ ക്രമരഹിതമായി നൽകണമെന്ന് ചോദ്യകർത്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കുന്നത് വിഷയ വിദഗ്ദ്ധർ പരസ്പരം അറിയാതെ വളരെ രഹസ്യമായി പൂർത്തീകരിക്കുന്ന പ്രക്രിയയായതിനാൽ ചില ഓപ്‌ഷനുകൾ ക്രമത്തിലധികം ആവർത്തിച്ചു വരുന്നത് സ്വാഭാവികം മാത്രമാണ്.
•ഡെപ്യുട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്)
തെരഞ്ഞെടുപ്പിനായി ഉദ്യോഗാർഥി ഹാജരാക്കിയ സമുദായ സർട്ടിഫിക്കറ്റ് സ്വീകരിച്ചത് സംബന്ധിച്ച പരാതി അടിസ്ഥാന രഹിതമാണ്. സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ ഉദ്യോഗാർത്ഥികളെ നിശ്ചയിക്കുന്നത് അവർ ഹാജരാക്കുന്ന സമുദായ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ്. ഇതിലേക്ക് റവന്യൂ വകുപ്പ് നൽകുന്ന സമുദായ സർട്ടിഫിക്കറ്റുകളാണ് പിഎസ്‍സി സ്വീകരിക്കുന്നത്. ഈ സർട്ടിഫിക്കറ്റുകളുടെ ആധികാരികത കമീഷൻ പരിശോധിക്കേണ്ടതില്ലെന്ന് പല വിധിന്യായങ്ങളിലും കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.
നിയമന ശുപാർശ ചെയ്യപ്പെട്ട രണ്ട് ഉദ്യോഗാർഥികളുടെ സമുദായ സർട്ടിഫിക്കറ്റ് സ്വീകരിച്ചതിനെതിരെ പരാതി ലഭിച്ചിരുന്നു. ഈ പരാതികൾ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട റവന്യു അധികാരികൾക്ക് കൈമാറി റിപ്പോർട്ട് തേടിയിട്ടുണ്ട്. റവന്യൂ വകുപ്പ് നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനത്തിലെത്തുന്നത്.









0 comments