കരാര്‍ ജീവനക്കാരെ ക്ഷേമപദ്ധതികളിൽ നിന്ന് ഒഴിവാക്കാനാവില്ല
ഗര്‍ഭാശയ ശസ്ത്രക്രിയ; കരാര്‍ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധിക്ക് അര്‍ഹത- കേരള ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിന്റെ ഉൾപ്പെടെ വിവിധ പദ്ധതികളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവര്‍ക്ക് ഗര്‍ഭാശയ ശസ്ത്രക്രിയയ്ക്ക് വേതനത്തോടു കൂടിയുള്ള അവധിക്ക് അര്‍ഹതയുണ്ടെന്ന് കേരള ഹൈക്കോടതി. കേരള സർവീസ് റൂൾസ് (KSR) പ്രകാരമുള്ള വേതനത്തോടുകൂടിയ മെഡിക്കൽ ലീവിന് ഇവര്‍ അര്‍ഹരാണെന്ന് കോടതി പറഞ്ഞു.
പ്രസവാനുകൂല്യം ഗർഭഛിദ്രത്തെ തുടർന്നുള്ള അവധി എന്നിവ കരാർ ജീവനക്കാർക്കും ലഭ്യമാണ്. ഇതോടൊപ്പം ഗർഭാശയ ശസ്ത്രക്രിയയ്ക്കുള്ള അവധിയും നിയമപരമായ അവകാശമാണ്.
സമഗ്ര ശിക്ഷാ കേരളയിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായി സേവനമനുഷ്ഠിക്കുന്ന രണ്ടുപേര്‍ നൽകിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരുടെ മെഡിക്കൽ ലീവ് അപേക്ഷകൾ തള്ളിയ സർക്കാരിന്റെ ഉത്തരവ് കോടതി റദ്ദാക്കി.
സര്‍ക്കാര്‍ വാദം
കേരള സർവീസ് റൂൾസ് (Part I) ലെ റൂൾ 100 (പ്രസവാവധി), റൂൾ 101 (ഗർഭഛിദ്രത്തെ തുടർന്നുള്ള അവധി) എന്നിവ കരാർ ജീവനക്കാർക്കും ബാധകമാക്കി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും, റൂൾ 101A പ്രകാരമുള്ള ഗർഭാശയ ശസ്ത്രക്രിയാ അവധി ഇതിൽ പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. കൂടാതെ, ഹർജിക്കാരിൽ ഒരാളുടേത് ഫൈബ്രോയ്ഡ് ശസ്ത്രക്രിയയാണെന്നും സർക്കാർ പ്ലീഡർ വാദിച്ചു.
കോടതി നിരീക്ഷണം
ഫൈബ്രോയ്ഡ് ചികിത്സയുടെ ഭാഗമായാണെങ്കിലും അന്തിമമായി ഗർഭാശയ ശസ്ത്രക്രിയ തന്നെയാണ് നടന്നിട്ടുള്ളതെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ വ്യക്തമാണ്. ജീവനക്കാർക്ക് ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിക്കാൻ ആവശ്യമായ സമയം ഉറപ്പാക്കുക എന്നതാണ് റൂൾ 101A-യുടെ ലക്ഷ്യം. സർക്കാർ ഉത്തരവിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം കരാർ ജീവനക്കാരെ ഇത്തരം ക്ഷേമപദ്ധതികളിൽ നിന്ന് ഒഴിവാക്കാനാകില്ല.










0 comments