ജാർഖണ്ഡ് വിദ്യാർഥി സമരം; നേഹാ ബോറയ്ക്ക് നേരെ മഷി ആക്രമണം

നേഹാ ബോറ (Photo: ANI)
റാഞ്ചി: ഐസ പ്രസിഡന്റ് നേഹാ ബോറേക്ക് നേരെ ആക്രമണം. പബ്ലിക് സർവീസ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ പിന്തുണ പ്രഖ്യാപിക്കാൻ എത്തിയപ്പോഴായിരുന്നു നേഹയ്ക്ക് നേരെ മഷി ആക്രമണമുണ്ടായത്. ആൾക്കൂട്ടത്തിൽ നിന്നും വന്നയാളാണ് നേഹയുടെ മുഖത്തേയ്ക്ക് മഷി ഒഴിച്ചത്. ഇയാളെ വിദ്യാർഥികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വിദ്യാർഥി സമരം 14-ാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴാണ് പിന്തുണ പ്രഖ്യാപിച്ച് നേഹാ ബോറ സമരപന്തലിൽ എത്തിയത്. ശേഷം മടങ്ങുമ്പോഴായിരുന്നു നേഹയ്ക്ക് നേരെ ആക്രമണമുണ്ടായത്. കണ്ണീർ വാതകം ഉപയോഗിച്ച് ഡൽഹിയിൽ നേരിട്ടിട്ടും പിന്തിരിഞ്ഞിട്ടില്ല. പിന്നെയാണ് മഷി ഉപയോഗിച്ച് പിന്തിരിപ്പിക്കാൻ നോക്കുന്നത്. ഇതൊന്നും വകവെയ്ക്കുന്നില്ലെന്ന് നേഹ ബോറ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ചു. വിദ്യാർഥികൾ സമരവുമായി മുൻപോട്ട് പോകുമ്പോൾ അവർക്ക് പിന്നിൽ ഉറച്ചു നിൽക്കുമെന്ന് തന്നെയാണ് പറയാനുള്ളതെന്നും നേഹ കൂട്ടിച്ചേർത്തു.
അതേസമയം വിദ്യാർഥികളുമായി സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം. റാഞ്ചി സബ് കളക്‌ടറും അസിസ്റ്റന്റ് കളക്ടറും സമരവേദിയിലെത്തി വിദ്യാർഥി നേതാക്കളുമായി സംസാരിച്ചു. വിദ്യാർഥികളുമായുള്ള ചർച്ചയ്ക്കായി സർക്കാർ തലത്തിൽ അഞ്ചംഗ സമിതിക്ക് രൂപം നൽകി. മന്ത്രിമാരായ ദീപിക പാണ്ടേ സിങ്, സുവിദ്യ കുമാർ എന്നിവർ ഉൾപ്പടെ അഞ്ച് മന്ത്രിമാർ അടങ്ങുന്നതാണ് സമിതി.










0 comments