രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; വിശദീകരണം തേടി തടിയൂരാൻ ശ്രമം

കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ജാക്കറ്റ് ഊരിനൽകിയശേഷം ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയിൽ വിശദീകരണം തേടി തടിയൂരാനുള്ള നീക്കവുമായി കണ്ണൂർ എംഡിഎം.
പയ്യന്നൂർ തഹസിൽദാരിനോടും പരിയായം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ഫ്രീസർ ഇല്ലാത്ത ആംബുലൻസാണ് ഉപയോഗിച്ചത്. ഇത് എന്തുകൊണ്ടായിരുന്നു എന്ന വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് കളക്ടർക്ക് നൽകും എന്ന് അറിയിച്ചു.
ഫ്രീസറുള്ള ആംബുലൻസ് തന്നെ നൽകണമെന്ന് നിർദേശം നൽകിയിരുന്നുവെന്നും അതിനു പണം തടസ്സമല്ലായിരുന്നു എന്നുമാണ് ജില്ലാ കളക്ടറുടെ വാദം. അനാസ്ഥ ഉണ്ടായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മൃതദേഹം കണ്ണൂരിൽ കൊണ്ടുവന്നപ്പോൾ തന്നെ ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പണമില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് അധികൃതർ അത് നിരസിച്ചു. തുടർന്ന് മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോഴാണ് ചാവക്കാട് നിന്ന് ഫ്രീസറുള്ള ആംബുലൻസിലേക്ക് മാറ്റിയത്. മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതിനെത്തുടർന്നാണ് എംടിഎം വിശദീകരണം തേടിയിരിക്കുന്നത്.










0 comments