Deshabhimani

എൽഡിഎഫ്‌ തകർന്നുവെന്ന്‌ പറഞ്ഞവർക്കുള്ള ജനങ്ങളുടെ മറുപടി: ടി ആർ രഘുനാഥൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 02:58 AM | 1 min read

കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പോടെ ജില്ലയിൽ എൽഡിഎഫും സിപിഐ എമ്മും തകർന്നുവെന്ന്‌ പ്രഖ്യാപിച്ചവർക്കുള്ള ജനങ്ങളുടെ മറുപടിയാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി ടി ആർ രഘുനാഥൻ പറഞ്ഞു. നാലുമാസം കൊണ്ട്‌ ജനങ്ങൾക്ക്‌ യുഡിഎഫ്‌ സർക്കാരിനെ മടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേയും പാന്പാടിയിലൈയും എൽഡിഎഫ്‌ വിജയം. ഒരു സർക്കാരിനെ വിലയിരുത്താൻ നാലുമാസം ചുരുങ്ങിയ കാലയളവാണെങ്കിലും നയവും പ്രവർത്തനരീതിയും ജനങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ്‌ എൽഡിഎഫ്‌ എന്ന്‌ കണ്ടാണ്‌ ഇത്രവലിയ വിജയം നൽകിയത്‌. തൃക്കൊടിത്താനത്ത്‌ ചങ്ങനാശേരി എംഎൽഎ പ്രതിനിധീകരിച്ച ഡിവിഷനിലാണ്‌ ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിച്ചത്‌. പാന്പാടിയിൽ പുതുപ്പള്ളി എംഎൽഎ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിട്ടും വീടുകൾ കയറിയിറങ്ങി പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകിയിട്ടും ജനങ്ങൾ തോൽപ്പിച്ചു. വ്യാജ പ്രചാരണത്തിലാണ്‌ യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജയമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ജില്ലയിൽ നാല്‌ മാസത്തിനിടയിൽ ജനങ്ങൾ അഭിമുഖ‍ീകരിച്ച പ്രതിസന്ധികളിൽ യുഡിഎഫ്‌ സർക്കാർ ഒന്നും ചെയ്‌തില്ല. മഴക്കെടുതിയിൽ 10 പേരാണ്‌ മരിച്ചത്‌. നാശനഷ്ടമുണ്ടായ വീടുകൾക്ക്‌ 10, 000 രൂപ പ്രഖ്യാപിച്ചിട്ടും ഒരാൾക്കും നൽകിയില്ല. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി കോടികളുടെ നഷ്ടമുണ്ടായി. മുഖ്യമന്ത്രിയോ ജനപ്രതിനിധികളോ ജനങ്ങളെ തിരിഞ്ഞുനോക്കിയില്ല. എൽഡിഎഫ്‌ ഭരണകാലത്ത്‌ പ്രളയമുണ്ടായപ്പോൾ ജനങ്ങളെ ചേർത്തുനിർത്തിയത്‌ അവർ അനുഭവിച്ചറിഞ്ഞതാണ്‌. ആപൽഘട്ടത്തിൽ യുഡിഎഫ്‌ സർക്കാർ കൂടെനിൽക്കാത്തതിന്റെ രോഷം ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചു. പൊള്ളവാഗദാനങ്ങൾ നൽകി അധികാരത്തിൽ വന്നാൽ യുഡിഎഫ്‌ ആർഭാടങ്ങളിൽ അഭിരമിക്കുന്നവരാണെന്ന്‌ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പോൺസേർഡ്‌ വിമാന, വിദേശ യാത്രകളിൽ തിരിച്ചറിഞ്ഞ ജനങ്ങൾക്ക്‌ അവരിൽ വിശ്വാസം നഷ്ടപ്പെട്ടു. എൽഡിഎഫ്‌ ഉന്നയിച്ച രാഷ്‌ട്രീയ വിഷയങ്ങൾ ജനങ്ങളുടെ മനസിൽ ആഴത്തിലുണ്ടായിരുന്നു. കഴിഞ്ഞതവണ യുഡിഎഫ്‌ നേടിയതിനേക്കാളും മൂന്നിരട്ടി ഭൂരിപക്ഷം എൽഡിഎഫിന്‌ തൃക്കൊടിത്താനത്ത്‌ ജനങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത്‌, പഞ്ചായത്ത്‌ ഭരണത്തിൽ മാറ്റമൊന്നും ഉണ്ടാക്കില്ലെന്ന്‌ അറിഞ്ഞിട്ടും സർക്കാരിനെതിരെയുള്ള വലിയ ജനവികാരവും എൽഡിഎഫിനോടുള്ള ജനവിശ്വാസവുമാണ്‌ കണ്ടത്‌– ടി ആർ രഘുനാഥൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home