വൻ വിജയം

കോട്ടയം ജില്ലയിൽ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിൽ രണ്ടും യുഡിഎഫിൽനിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനും പാമ്പാടി പത്താം വാർഡും(കുമ്പന്താനം) യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. സിറ്റിങ് സീറ്റായ മീനടം ഒന്നാം വാർഡ്(ചീരംകുളം) യുഡിഎഫ് നിലനിർത്തി. തൃക്കൊടിത്താനത്ത് യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റിലാണ് എൽഡിഎഫിന്റെ അട്ടിമറി ജയം. 2025ൽ 743 വോട്ടിനാണ് കേരള കോൺഗ്രസിലെ വിനു ജോബ് സിപിഐ എമ്മിലെ മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയത്. ഇൗ ഭൂരിപക്ഷം മറികടന്ന് 2140 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കാൻ എൽഡിഎഫിനായി. വിനു ജോബ് ചങ്ങനാശേരിയിൽനിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഡിവിഷൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തൃക്കൊടിത്താനത്ത് സിപിഐ എമ്മിലെ മഞ്ജു സുജിത്ത് 16,280 വോട്ടും കേരള കോൺഗ്രസ് നേതാവ് വിജയ് ജോസ് മാരേട്ട് 14,140 വോട്ടും എൻഡിയിലെ എ മനോജ് 3993 വോട്ടും നേടി. പാമ്പാടി കുമ്പന്താനം വാർഡ് സിപിഐ എമ്മിലെ സണ്ണി വർഗീസ് 66 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തത്. പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രത്തിലാണ് എൽഡിഎഫ് ചെങ്കൊടി പാറിച്ചത്. സണ്ണി വർഗീസ് 519 വോട്ടും കോൺഗ്രസിലെ ഡെയ്‌സി ബാബു 453 വോട്ടും ബിജെപിയിലെ ടിന്റു മനോജ് 58 വോട്ടും നേടി. മീനടം ചീരംകുളത്ത് കോൺഗ്രസിലെ പ്രീത പ്രസാദ് 346 വോട്ടും സിപിഐ എമ്മിലെ ചന്ദ്രു നാരായണൻ 184 വോട്ടും ബിജെപിയിലെ ഗൗരിശങ്കർ 30 വോട്ടും നേടി. കുന്പന്താനത്ത് കോൺഗ്രസിലെ ബാബു മാത്യു ഡാണാവുങ്കലും ചീരംകുളത്ത് കോൺഗ്രസിലെ പ്രസാദ് നാരായണനും മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മത്സരിച്ച മൂന്നിടത്തും ബിജെപിക്ക് വോട്ടുകുറഞ്ഞു.








0 comments