print edition കുടുങ്ങുമെന്ന് പേടി, എംഡിയാകാൻ മടി; നാഥനില്ലാതെ കെഎംഎസ്‌സിഎൽ

സ്വന്തം ലേഖിക
Published on Sep 30, 2026, 02:58 AM | 1 min read
തിരുവനന്തപുരം : കെഎംഎസ്‌സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്) മാനേജിങ് ഡയറക്‌ടർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാതെ ഉദ്യോഗസ്ഥർ. ഒരു മാസമായി സീറ്റിൽ ആളില്ല. മരുന്നുകമ്പനികളുടെ കമീഷൻ ലക്ഷ്യമിട്ട് കോർപറേഷന്‍ പ്രവർത്തനം അട്ടിമറിക്കുന്ന സർക്കാർ നീക്കത്തിൽ ഉദ്യോഗസ്ഥരില്‍ അതൃപ്തി പുകയുകയാണ്. പുതുതായി ചുമതല നൽകിയ എച്ച് ദിനേശനും കൈയൊഴിഞ്ഞതോടെ നിയമനത്തിന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് മന്ത്രിയുടെ വിശദീകരണം.
ടെൻഡർ നടപടി അട്ടിമറിച്ച് വൻകിട കമ്പനികളുമായി കൈകോർക്കാനുള്ള നീക്കം മരുന്നുകൊള്ളയ്‌ക്കും അഴിമതിക്കും വഴിയൊരുക്കും എന്നതിനാലാണ് ഉദ്യോഗസ്ഥർ സ്ഥാനമേൽക്കാത്തത്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ഡോ. രേണു രാജായിരുന്നു എംഡി.
കെഎംഎസ്‌സിഎല്ലിലെ അനധികൃത സ്ഥലംമാറ്റങ്ങളെ എതിർത്തതിന് രേണു രാജിനെ ഒഴിവാക്കി. ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്താനുള്ള തീരുമാനം മരുന്നുകളുടെ ഗുണപരിശോധനാ സംവിധാനത്തെ ബാധിക്കുമെന്ന് പരസ്യപ്രസ്‌താവന നടത്തിയതും നടപടിക്ക് കാരണമായി. പകരം നിയമിച്ച അനു എസ് നായർ ചുമതലയേൽക്കാൻ വിസമ്മതിച്ചു. തുടർന്ന് എച്ച് ദിനേശനെ നിയമിക്കുകയായിരുന്നു.
ജനറൽ മാനേജർ തസ്‌തികയിൽ അനധികൃത നിയമനം നടത്തിയതായും ആരോപണമുണ്ട്. ഡോക്‌ടർമാരെ നിയമിക്കുന്ന തസ്‌തികയിൽ ബയോ മെഡിക്കൽ എൻജിനീയറെ വച്ചത് സ്വകാര്യ മരുന്നുകന്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
പല ജില്ലകളിലും മാനേജർ തസ്‌തികയിലുൾപ്പെടെ നിയമനം നടത്തിയിട്ടില്ല. കോർപറേഷനെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് മന്ത്രി നടത്തുന്ന നുണപ്രചാരണങ്ങളിലും ഉദ്യോഗസ്ഥർ അസംതൃപ്‌തരാണ്. മുൻ യുഡിഎഫ് സർക്കാരും ഫണ്ട് നൽകാതെ കെഎംഎസ്‌സിഎല്ലിനെ തകർക്കാൻ ശ്രമിച്ചിരുന്നു.







0 comments