print edition പുതുയുഗത്തിന്റെ വരവറിയിച്ച് ചെൽസി

ലണ്ടൻ: സ്‌പാനിഷ് പരിശീലകൻ സാബി അലോൺസോയ്‌ക്ക് കീഴിലെ അരങ്ങേറ്റ മത്സരത്തിൽ വരവറിയിച്ച് ചെൽസി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഫുൾഹാമിനെ 3–2ന് മറികടന്നു. ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും ഇംഗ്ലീഷ് മുന്നേറ്റക്കാരൻ കോൾ പാൽമെർ വിജയശിൽപ്പിയായി. ജോയോ പെഡ്രോയും അരങ്ങേറ്റക്കാരൻ മോർഗൻ റോജേഴ്‌സും ചെൽസിയുടെ പട്ടിക തികച്ചു. പൊരുതിക്കളിച്ച ആതിഥേയർക്കായി ജോഷ് കിങ്, പുതുമുഖ താരം ഗോൺസാലോ ഗാർഷ്യ എന്നിവർ വലകുലുക്കി. പുതിയ കോച്ച് അൽവാരോ അർബിയോളയ്‌ക്ക് കീഴിലാണ് ഫുൾഹാം ഇറങ്ങിയത്. സ്‌പാനിഷ് പരിശീലകരായ സാബിയും അർബിയോളയും കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ചുമതല വഹിച്ചിരുന്നു.
കിരീടപ്പോരിനുണ്ടെന്ന പ്രഖ്യാപനവുമായാണ് ചെൽസി കളി തുടങ്ങിയത്. 31–ാം സെക്കൻഡിൽ പാൽമെർ പെഡ്രോയ്‌ക്ക് പന്തൊരുക്കി. ബ്രസീലുകാരന് ഉന്നംതെറ്റിയില്ല. എന്നാൽ സന്ദർശകരുടെ ആഘോഷം അധികനേരം നീണ്ടില്ല. പത്തൊമ്പത് വയസ്സുള്ള മധ്യനിരക്കാരൻ ജോഷിലൂടെ ഫുൾഹാം തിരിച്ചടിച്ചതോടെ കളി മുറുകി. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ചെൽസി തിരിച്ചുപിടിച്ചു. അരങ്ങേറ്റക്കാർ പങ്കാളികളായ ഗോളായിരുന്നു ഇത്. പ്രതിരോധത്തിലെ പുതിയ താരം മാക്‌സെൻസ് ലക്രോയ്‌ക്‌സ് നീട്ടിയ പന്തിൽ റോജേഴ്‌സ് ഗോൾ നേടി. ആസ്‌റ്റൺ വില്ലയിൽനിന്ന് റെക്കോഡ് തുകയ്‌ക്കാണ് ഇരുപത്തിനാലുകാരനെ മുൻചാമ്പ്യൻമാർ കൂടാരത്തിലെത്തിച്ചത്. ആദ്യ കളിയിൽതന്നെ ഇതിനുള്ള പാരിതോഷികം വിങ്ങർ നൽകി.
ഇടവേളയ്‌ക്ക് പിന്നാലെ പാൽമെറിലൂടെ ചെൽസി മൂന്നാം ഗോളും നേടിയതോടെ കളി ഏകപക്ഷീയമായെന്ന് തോന്നി. പക്ഷേ ഫുൾഹാം വിട്ടുകൊടുത്തില്ല. റയലിൽനിന്ന് സ്വന്തമാക്കിയ സ്‌പാനിഷ് മുന്നേറ്റക്കാരൻ ഗാർഷ്യ ആതിഥേയരുടെ പ്രതീക്ഷ കാത്ത് സ്‌കോർ 3–2 ആക്കി. ഒപ്പമെത്താൻ പിന്നീട് കിണഞ്ഞുശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം വിട്ടുകൊടുത്തില്ല. രണ്ട് സീസണിനുശേഷമാണ് ലീഗിലെ ആദ്യ മത്സരത്തിൽ നീലപ്പട ജയിക്കുന്നത്. 30ന് ബ്രൈറ്റണുമായാണ് അടുത്ത കളി. ലീഗിൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒമ്പത് ടീമുകളാണ് ജയിച്ചത്.










0 comments