ഇറാനുമായി വ്യാപാരം; നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യക്കാർക്കും അമേരിക്കൻ ഉപരോധം

വാഷിംഗ്ടൺ: ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യക്കാർക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ പങ്കാളികളായി എന്ന് ആരോപിച്ചാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടി. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ പുതിയ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ നടപടിയുടെ ഭാഗമായാണ് ഉപരോധം.
പോർടീസ് പാർട്ണേഴ്‌സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്ര ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. പോർടീസ് പാർട്ണേഴ്‌സിന്റെ പങ്കാളികളായ ഹരീഷ് രാംചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്‌റഫ്മിയ ഷെയ്ഖ്, പിപി സോഫ്ടെക്കുമായി ബന്ധപ്പെട്ട പ്രശാന്ത് ഗാർഗ് എന്നിവരും ഉപരോധ പട്ടികയിലുണ്ട്.
ഇറാനിൽനിന്നുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങൾ ഇന്ത്യയിലെത്തിക്കാൻ പോർടീസ് പാർട്ണേഴ്‌സ് സഹായിച്ചെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനിൽനിന്നുള്ള പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഈ സ്ഥാപനങ്ങളും വ്യക്തികളും അറിഞ്ഞുകൊണ്ട് പങ്കാളികളായെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആരോപിക്കുന്നത്.
സദാശിവ ഓവർസീസ് ഏകദേശം 6.9 കോടി ഡോളറിന്റെ ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്നാണ് അമേരിക്കയുടെ ആരോപണം. പിപി സോഫ്ടെക്കും പ്രകൃതീസ് ഇൻഫ്ര ഇംപെക്സും ഏകദേശം 2.5 കോടി ഡോളർ വീതം മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതായും അമേരിക്ക ആരോപിക്കുന്നു.
ഇറാന്റെ വരുമാന മാർഗങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കൽ വ്യാപാരവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടികൾ വ്യാപിപ്പിക്കുകയാണ് അമേരിക്ക. ഏറ്റവും പുതിയ ഘട്ടത്തിൽ ഏകദേശം 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവർക്കെതിരെയും അമേരിക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇറാനുമായി സാമ്പത്തിക, വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും മേൽ അമേരിക്കൻ സമ്മർദം ശക്തമാകുന്നതിനിടെയാണ് ഇന്ത്യൻ കമ്പനികൾക്കെതിരെയും നടപടി. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധ ഭീഷണി ഉയർത്തിയിരുന്നു.
അതേസമയം, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ ഏകപക്ഷീയ ഉപരോധ ഭീഷണിയെ ചൈന തള്ളിയിരുന്നു. ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ചൈനയും ഇറാനും തമ്മിലുള്ള സഹകരണം തുടരുന്നതിൽ മറ്റാർക്കും ഇടപെടാനാകില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വന്തം രാജ്യത്തിന്റെ നിയമപരമായ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.









0 comments