ad
Deshabhimani

ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം; അവസരം കിട്ടിയാൽ കളിക്കും: സഞ്ജു സാംസൺ

SANJU SAMSON INTERVIEW
വെബ് ഡെസ്ക്

Published on Aug 26, 2026, 11:28 AM | 1 min read

തിരുവനന്തപുരം: ടീമിന്റെ വിജയത്തിനാണ് താൻ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും, വ്യക്തിപരമായ അവസരങ്ങൾക്കായി സമ്മർദം ചെലുത്താൻ താൽപര്യമില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കെസിഎൽ ആയാലും കേരള ടീമിലായാലും ഏഷ്യൻ ഗെയിംസിലായാലും ലോകകപ്പിലായാലും തന്റെ സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്നും സഞ്ജു പറഞ്ഞു.


ലഭിക്കുന്ന ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്താനും ടീമിനെ വിജയിപ്പിക്കാനുമാണ് ശ്രമം. അടുത്ത ടൂർണമെന്റിനെക്കുറിച്ച് ചിന്തിച്ച് അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.


“കളിക്കാൻ അവസരം ലഭിച്ചാൽ കളിക്കും. ഇത്രയും വർഷത്തെ അനുഭവത്തിലൂടെ ഇത്തരം സാഹചര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കുണ്ട്,” സഞ്ജു പറഞ്ഞു.


താൻ മാത്രം കളിക്കണമെന്ന വാശി ടീമിനുള്ളിൽ കാണിക്കാൻ താൽപര്യമില്ലെന്നും സഞ്ജു വ്യക്തമാക്കി. ടീമിനെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് മുകളിൽ നിർത്തണമെന്നും ടീം മാനേജ്മെന്റിന്റെയും ലീഡേഴ്സിന്റെയും തീരുമാനങ്ങളെ ബഹുമാനിക്കണമെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.


“ടീമിന് വേണ്ടി പന്ത്രണ്ടാമനായി ഓടിനടന്ന് വെള്ളം കൊടുക്കേണ്ടി വന്നാലും അതിൽ ടീം സ്പിരിറ്റുണ്ട്. അങ്ങനെയായിരിക്കാനാണ് എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചത്. ലളിതമായി കാര്യങ്ങളെ കാണുക, കളിക്കുക, സന്തോഷിക്കുക എന്നതാണ് എന്റെ സമീപനം,” സഞ്ജു കൂട്ടിച്ചേർത്തു.


‘റാറ്റ് റേസ്’ പരാമർശത്തിലും വിശദീകരണം


സഞ്ജുവിന്റെ ‘റാറ്റ് റേസ്’ പരാമർശം വലിയ ചർച്ചയായതിനെക്കുറിച്ചും താരം പ്രതികരിച്ചു. അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വ്യത്യസ്ത രീതികളിലാണ് അവതരിപ്പിക്കുന്നതെന്നും അതിൽ തനിക്ക് നിയന്ത്രണമില്ലെന്നും സഞ്ജു പറഞ്ഞു.


“അഭിമുഖത്തിൽ കാര്യങ്ങൾ ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ആളുകൾക്ക് പല രീതിയിൽ എടുക്കാം. ചിലർക്ക് ഇഷ്ടപ്പെടാം, ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം. ഞാൻ പറയേണ്ട കാര്യങ്ങൾ പറയാനുള്ള സമയമായി തോന്നിയപ്പോഴാണ് പറഞ്ഞത്,” അദ്ദേഹം വ്യക്തമാക്കി.


പിന്നീട് ഒരു പൊതുപരിപാടിക്കിടെ മാധ്യമങ്ങൾ ഇതേക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ തന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു. താൻ പറഞ്ഞതിൽ യാതൊരു പ്രശ്നവുമില്ലെന്നും വീണ്ടും ഇതേക്കുറിച്ച് ചോദിച്ചാലും അതേ നിലപാട് തന്നെയായിരിക്കും പറയുകയെന്നും സഞ്ജു വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home