പള്ളിയ്‌ക്കുള്ളിലെ പൊലീസ് അതിക്രമം ആസൂത്രിതം; ന്യൂനപക്ഷവേട്ടയ്‌ക്ക് കളമൊരുക്കുന്നു

കോഴിക്കോട്: മുസ്ലിം പള്ളിക്കകത്തു കയറി പൊലീസ് നടത്തിയ അതിക്രമം യുഡിഎഫ് സർക്കാർ മറച്ചുവെച്ച മതന്യൂനപക്ഷ വിരുദ്ധ മനസ് പുറത്തുകൊണ്ടുവരുന്നതായി. സംഘപരിവാറിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചും അവരെ പ്രീതിപ്പെടുത്താനും തിടുക്കംകാട്ടുന്ന വി ഡി സതീശനും കൂട്ടരും ന്യൂനപക്ഷങ്ങളോട് ഇൗ നിലപാട് സ്വീകരിക്കുന്നതിൽ അത്‌ഭുതമില്ല. വഖഫ് ബോർഡ് അംഗങ്ങളുടെ വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹത്തിലെ കാപട്യം വെളവായതാണ്. എന്നാൽ, ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണത്തിന് പൊലീസിനെ നിയോഗിക്കുന്ന സംഘപരിവാർ രീതിയും മടിയില്ലാതെ ഇപ്പോൾ സ്വീകരിക്കുകയാണ്. അതിന്റെ ശരിയായ പരീക്ഷണമാണ് കോഴിക്കോട് ജില്ലയിലെ കണ്ണൂക്കരയിൽ കണ്ടത്.
കണ്ണൂക്കര മാടാക്കര ജുമാ മസ്ജിദിൽ ബൂട്ടിട്ട് കയറുകയും ലാത്തിവീശുകയും ചെയ്‌ത വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിശ്വാസികൾ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ ചോമ്പാല പൊലീസാണ് പള്ളിക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നബിദിന പരിപാടിയെക്കുറിച്ച് ആലോചിക്കാൻ വിശ്വാസികൾ പള്ളിക്കകത്ത് ഇരിക്കുമ്പോഴാണ് ചോമ്പാല ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സായുധ പൊലീസ് അതിക്രമിച്ച് അകത്തു കടന്നത്. പള്ളിക്കകത്തുണ്ടായിരുന്നവർ സംയമനം പാലിച്ചതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവായി. പള്ളിക്കുള്ളിൽ കയറി പൊലീസ് അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയർന്നു. പള്ളിക്കുള്ളിൽ കയറി ലാത്തി വീശുന്നത് ഒരു പരിഷ്കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു, പള്ളിക്കുള്ളിൽ തർക്കങ്ങളുണ്ടെങ്കിൽ അത് നിയമപരമായ രീതിയിലും ചർച്ചകളിലൂടെയും പരിഹരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ ബിജെപി ഭരിക്കുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മതപുരോഹിതരെ തുറുങ്കിലടയ്ക്കുകയും പള്ളികൾ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. വർഗീയ അജണ്ടയുടെ അതേ രീതിയാണ് വിഡി സതീശൻ സർക്കാരിന്റെ പൊലീസ് കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിനുള്ള എല്ലാ അനുമതിയും പൊലീസിന് നൽകിയിരിക്കുകയാണ്.










0 comments