'2047 വരെ കാത്തിരിക്കൂ'; വെള്ളക്കെട്ട് പ്രശ്നങ്ങള്‍ക്ക് ബിജെപി എംപിയുടെ വിചിത്ര പ്രതികരണം

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി-എൻസിആർ മേഖലയിലെ നഗരമായ ഗുരുഗ്രാം വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ വിചിത്ര വാദങ്ങളുമായി ബിജെപി എംപിമാർ. നഗരത്തിലെ തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളെയും രൂക്ഷമായ ഗതാഗതക്കുരുക്കിനെയും ചൊല്ലി വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി ജനപ്രതിനിധികളുടെ പ്രതികരണം.
സർക്കാരിനോ ഭരണകൂടത്തിനോ ഇതിൽ യാതൊരു വീഴ്ചയുമില്ലെന്നാണ് ഭിവാനി-മഹേന്ദർഗഡ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി ധരംബീർ സിങ് പ്രതികരിച്ചത്. 60 വർഷം മുൻപുള്ള മോശം പ്ലാനിംഗാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും നഗരം ഇത്രത്തോളം വളരുമെന്നോ ഇത്രയധികം ആളുകളും വാഹനങ്ങളും ഇവിടെ എത്തിച്ചേരുമെന്നോ അന്നത്തെ പ്ലാനർമാർ കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ ഓടകൾ കയ്യേറി കെട്ടിടങ്ങൾ ഉയർന്നതിനാൽ ഇനി അവ വീതി കൂട്ടാൻ കഴിയില്ലെന്നും പെട്ടെന്നുണ്ടാകുന്ന കനത്ത മഴയാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു. ഗുരുഗ്രാമിലെ പ്രശ്നങ്ങൾ എപ്പോൾ തീരുമെന്ന ചോദ്യത്തിന് "2047-ലെ പുതിയ മാസ്റ്റർ പ്ലാൻ വരുന്നതോടെ എല്ലാം ശരിയാകും" എന്നായിരുന്നു എംപിയുടെ മറുപടി.
അതേസമയം, കോൺഗ്രസ് ഭരണകാലത്തെ തെറ്റായ നയങ്ങളാണ് നിലവിലെ ഗുരുഗ്രാമിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഗുരുഗ്രാം എംപി റാവു ഇന്ദർജിത് സിംഗ് ആരോപിച്ചു. കുന്നുകളിൽ നിന്ന് യമുനയിലേക്ക് വെള്ളമൊഴുകിയിരുന്ന പഴയ സ്വാഭാവിക ചാലുകൾക്ക് മുകളിലൂടെ നിർമ്മാണം നടത്തിയത് കോൺഗ്രസ് കാലത്താണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെട്രോ പാതകളുടെ മാതൃകയിൽ പഴയ ചാലുകളുടെ വഴിയിലൂടെ ഭൂപരിധിക്ക് അടിയിൽ തുരങ്കങ്ങൾ നിർമ്മിക്കുക മാത്രമാണ് ഇതിന് ശാശ്വത പരിഹാരമെന്നും നിലവിൽ ചെയ്യുന്നതെല്ലാം താത്കാലിക പരിഹാരങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments