കണ്ണൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞ മേഖല പിണറായി വിജയൻ സന്ദർശിച്ചു

കണ്ണൂരിൽ എളയാവൂർ സൗത്ത് ദേശീയ പാതയിൽ മണ്ണ് ഇടിഞ്ഞ മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു
കണ്ണൂർ: എളയാവൂർ സൗത്തിൽ ദേശീയപാത 66ൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദേശീയപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിക്ക് മുകളിലായുള്ള മൺതിട്ടയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതാണത്. പ്രദേശത്തെ സ്ഥിതിഗതികൾ പിണറായി വിജയൻ വിലയിരുത്തി.
വീടുകളോട് ചേർന്നാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിരുന്നു. സംരക്ഷണഭിത്തിയിൽ വിള്ളലുകൾ രൂപപ്പെട്ടതും നിർദിഷ്ട സർവീസ് റോഡിൽ ഏകദേശം 100 മീറ്ററോളം നീളത്തിൽ വിള്ളൽ വീണതും പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോൺക്രീറ്റ് ഭിത്തിക്കും നിർദിഷ്ട സർവീസ് റോഡിനുമിടയിൽ നിർമിച്ച ഗേബിയൻ ഭിത്തിയും താഴ്ന്ന നിലയിലാണ്.

കുന്നിടിച്ച് റോഡ് നിർമിച്ചതിനാൽ ദേശീയപാത ഇവിടെ ഏകദേശം 16 അടി താഴ്‌ചയിലാണ് കടന്നുപോകുന്നത്. സർവീസ് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡിനിരുവശങ്ങളിലുമായി ഇരുപതോളം വീടുകളും സ്ഥാപനങ്ങളുമുണ്ട്. തുടർച്ചയായി മണ്ണിടിയുന്നത് വീടുകളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.










0 comments