ad
Deshabhimani

print edition മിന്നൽ മൻസാംബി

Johan Manzambi

യൊഹാൻ മൻസാംബി | Photo Credit: FIFA

വെബ് ഡെസ്ക്

Published on Jun 20, 2026, 03:56 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌: ഗോൾകീപ്പറാകാനായിരുന്നു യൊഹാൻ മൻസാംബിയുടെ മോഹം. വീട്ടുമുറ്റത്ത്‌ അച്ഛനും ചേട്ടനുമൊപ്പം കളിക്കുമ്പോൾ കാവൽക്കാരനായി നിലയുറപ്പിച്ചു. പക്ഷേ കാലം കരുതിവച്ചത്‌ മറ്റൊന്നായിരുന്നു. നാലാം വയസ്സിൽ ജെനീവയിലെ സെർവെട്ടെ എഫ്‌സി അക്കാദമിയിൽ ചേർന്നപ്പോൾ പരിശീലകരുടെ നോട്ടം കൈകളിലേക്കല്ല, നീളൻ കാലുകളിലേക്കായിരുന്നു. ലക്ഷണമൊത്ത മധ്യനിരക്കാരനായി അവൻ വളർന്നു. ഇരുപതാം വയസ്സിൽ ലോകഫുട്‌ബോളിലെ പുതിയ താരോദയമായി മാറിയിരിക്കുകയാണ്‌ മൻസാംബി. ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിനെതിരെ പകരക്കാരനായെത്തി ഇരട്ട ഗോളടിച്ച്‌ സ്വിറ്റ്‌സർലൻഡിന്റെ വിജയശിൽപ്പിയായി.


മൻസാംബി മൈതാനത്തിലെത്തും വരെ സ്‌കോർ 0–0 ആയിരുന്നു. 71–ാം മിനിറ്റിൽ കളത്തിലെത്തി മൂന്ന്‌ മിനിറ്റിനുള്ളിൽ സ്വിസിനെ മുന്നിലെത്തിച്ചു. കളിയവസാനം ഡബിൾ തികച്ചു. മത്സരം സ്വിസ്‌ 4–1ന്‌ നേടി. അവസാന 19 മിനിറ്റിലായിരുന്നു അഞ്ച്‌ ഗോളും. 2024 മുതൽ ജർമൻ ക്ലബ്‌ എസ്‌സി ഫ്രെയ്‌ബുർഗിലാണ്‌. ഇ‍ൗ സീസണിൽ ക്ലബിനെ യൂറോപ ലീഗ്‌ റണ്ണറപ്പാക്കുന്നതിൽ പ്രധാനിയായി. ടൂർണമെന്റിലെ ഭാവി താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിൽ പകരക്കാരനായെത്തി ഇരട്ട ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home