ad
Deshabhimani

സംസ്ഥാന ബജറ്റ്‌

കോട്ടയത്തിന്‌ ഒന്നും കിട്ടിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2026, 03:59 AM | 1 min read

കോട്ടയം ജില്ലയ്‌ക്കു വേണ്ടി പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ ബജറ്റ്‌. ഒരു പുതിയ പദ്ധതി പോലും മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ്‌ പ്രസംഗത്തിലില്ല. ആകെയുള്ളത്‌, അപ്രായോഗികമായ ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കുമെന്ന വാഗ്‌ദാനം മാത്രമാണ്‌. ഇതിന്‌ തുക മാറ്റിവച്ചതായി പറയുന്നുമില്ല. ബജറ്റ്‌ പ്രസംഗത്തിൽ ഇടംപിടിക്കാൻ അർഹതയുള്ള നിരവധി പദ്ധതികൾ എൽഡിഎഫ്‌ സർക്കാർ ജില്ലയിൽ ആരംഭിച്ചിരുന്നു. റബർമേഖലയ്‌ക്ക്‌ പുതിയ കുതിപ്പ്‌ നൽകുന്ന കേരള റബർ ലിമിറ്റഡിന്‌ തുക മാറ്റിവച്ചതായി പ്രഖ്യാപിച്ചില്ല. കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌(കെപിപിഎൽ), കുറവിലങ്ങാട്‌ സയൻസ്‌ സിറ്റി എന്നീ ബൃഹദ്‌പദ്ധതികളും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല. തുടർവികസനം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ്‌ നാട്ടകത്തെ "അക്ഷരം' ഭാഷാ സാംസ്‌കാരിക മ്യൂസിയം. ബജറ്റിൽ ഇടംപിടിക്കാത്തതിനാൽ അടുത്തഘട്ട നിർമാണ പ്രവർത്തനങ്ങൾ എന്താകുമെന്ന ആശങ്ക ബാക്കിയായി. ജില്ലയിലെ എംഎൽഎമാരെപ്പോലും ഞെട്ടിച്ച അവഗണനയാണ്‌ കോട്ടയം നേരിട്ടത്‌. പുതിയ തീർഥാടന ടൂറിസം സർക്യൂട്ടിൽ സമീപ ജില്ലയായ ആലപ്പുഴ ഇടംപിടിച്ചിട്ടും കോട്ടയത്തെ പരിഗണിച്ചില്ല. നിരവധി പ്രമുഖ തീർഥാടന കേന്ദ്രങ്ങൾ ജില്ലയിലുണ്ട്‌. ഇവയൊന്നും ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയില്ല. നെൽകർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്‌ കിടങ്ങൂരിൽ നിർമാണത്തിലുള്ള ആധുനിക റൈസ്‌ മില്ല്‌. ഇതിനും തുക മാറ്റിവച്ചില്ല. വെള്ളപ്പൊക്കത്തെ ചെറുക്കുന്നതിൽ ഏറെ ഫലപ്രദമായ പദ്ധതിയാണ്‌ കോട്ടയത്തെ മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ നദീപുനസംയോജന പദ്ധതി. എൽഡിഎഫ്‌ സർക്കാർ പ്രത്യേകം പരിഗണിച്ചിരുന്ന പദ്ധതിയെ യുഡിഎഫ്‌ അവഗണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home