print edition ഖത്തറിനെ മുക്കി ജൊനാതൻ

ഖത്തർ-കാനഡ മത്സരത്തിൽനിന്ന്
വാൻകൂവർ: ലോകകപ്പിലെ ആദ്യ ജയം ഗോളടിച്ചുകൂട്ടി ആഘോഷിച്ച് കാനഡ. ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളിന് തകർത്ത് നോക്കൗട്ടിനരികെയാണ് ആതിഥേയർ. ആദ്യ കളിയിൽ സമനിലയിൽ പിരിഞ്ഞതിന്റെ നിരാശ മായ്‌ക്കുന്ന പ്രകടനമാണ് വാൻകൂവറിലെ ബിസി പ്ലേസ് സ്‌റ്റേഡിയത്തിൽ കാനഡ പുറത്തെടുത്തത്. ജൊനാതൻ ഡേവിഡിന്റെ ഹാട്രിക് കരുത്തിലാണ് കുതിപ്പ്. ഇൗ ലോകകപ്പിൽ ലയണൽ മെസിക്ക് പിന്നാലെ ഹാട്രിക് നേടുന്ന താരമായി ഡേവിഡ്. മികച്ച വിജയത്തിനിടയിലും മധ്യനിരതാരം ഇസ്‌മയിൽ കൊനെ പരിക്കേറ്റ് പുറത്തായത് കാനഡയ്‌ക്ക് തിരിച്ചടിയായി. പരുക്കൻ കളി പുറത്തെടുത്ത ഖത്തറിന്റെ രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ ഒമ്പത് പേരുമായാണ് ഏഷ്യക്കാർ കളി അവസാനിപ്പിച്ചത്.
16–ാം മിനിറ്റിൽ കെെൽ ലാറിനിലൂടെയാണ് കാനഡ ആദ്യ വെടിപൊട്ടിച്ചത്. പിന്നാലെ ജൊനാതൻ ഡേവിസ് രണ്ട് തവണ നിറയൊഴിച്ചതോടെ മൂന്ന് ഗോളിന്റെ മുൻതൂക്കവുമായി ആദ്യ പകുതി അവസാനിപ്പിച്ചു. കൊനെയ്‌ക്ക് പകരമിറങ്ങിയ നതാൻ സാലിബ ഫ്രീകിക്കിലൂടെ നാലാം ഗോൾ നേടി. പിന്നാലെ ഖത്തർ പ്രതിരോധ താരം മുഹമ്മദ് മനായിയുടെ പിഴവ് ഗോൾ കാനഡയുടെ ലീഡ് അഞ്ചാക്കി ഉയർത്തി. പരിക്കുസമയത്ത് നിറയൊഴിച്ച ഡേവിഡ് ഹാട്രിക്കും വന്പൻ ജയവും ഉറപ്പിച്ചു.
ചവിട്ടേറ്റ് വീണ കൊനെയ്‌ക്ക് ലോകകപ്പ് നഷ്ടം
ടൊറന്റോ: ലോകകപ്പിൽ ഖത്തറിനെതിരെ തകർപ്പൻ ജയം നേടിയ കാനഡയ്‌ക്ക് തിരിച്ചടിയായി മധ്യനിര താരം ഇസ്‌മയിൽ കൊനെയുടെ പരിക്ക്. ഇടതുകാലിന് പൊട്ടലേറ്റ താരത്തിന് മൂന്നുമാസം പുറത്തിരിക്കേണ്ടിവരും. ഇതോടെ കൊനെയുടെ ലോകകപ്പ് പ്രതീക്ഷകൾ അസ്‌തമിച്ചു. താരത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരത്തിന്റെ 53–ാം മിനിറ്റിൽ ഖത്തർ മധ്യനിരക്കാരൻ അസിം മാദിബോ താരത്തെ പിന്നിൽ നിന്ന് ചവിട്ടിയതാണ് ദുരന്തത്തിൽ കലാശിച്ചത്. മാദിബോയ്‌ക്ക് ഉടൻതന്നെ ചുവപ്പ് കാർഡും ലഭിച്ചു. കടുത്ത വേദനകൊണ്ട് പുളഞ്ഞ കൊനെയെ സ്‌ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്.









0 comments