കാമ്പസിൽ ഫാൻ മേളം

സിഎംഎസ് കോളേജിലെ ഫുട്ബോൾ ആരാധകർ ലോകകപ്പ് ആവേശത്തിൽ
കോട്ടയം ""കപ്പ് അർജന്റീന നിലനിർത്തും. പ്രതീക്ഷിച്ച നിലവാരത്തിൽ കളിച്ച ഏക ടീം അർജന്റീനയാണ്.'' – സിഎംഎസ് കോളേജിലെ ലോകകപ്പ് ഫുട്‌ബോൾ ചർച്ചക്കിടെ അർജന്റീന ഫാനായ ടി കെ റാസോങ് പറഞ്ഞു. റൊണാൾഡോ മങ്ങിപ്പോയെന്ന വിമർശനമാണ് പോർച്ചുഗൽ ആരാധകർ ഏറ്റവുമധികം കേൾക്കേണ്ടിവന്നത്. അതിന് കെ ജാസിഫിനും അബിൻ പ്രസാദിനും മറുപടിയുമുണ്ട് – ""പുലി പതുങ്ങുന്നത്. ഒളിക്കാനല്ല, കുതിക്കാനാണ്. ""ഇവിടെ മറഡോണയില്ല, പെലെ ഇല്ല. ഇത് റൊണാൾഡോ ഒറ്റക്ക് വെട്ടിപ്പിടിച്ച സാമ്രാജ്യമാണ്.'' – പറയുന്നത് പോർച്ചുഗൽ ഫാനായ ആദം ഡി ജയിംസ്. എല്ലാ അർഥത്തിലും സിഎംഎസ് കോളേജ് ഒരു ഫുട്‌ബോൾ മൈതാനമായി. കോളേജിന്റെ ഗേറ്റിനു പുറത്ത് ലയണൽ മെസിയുടെയും നെയ്‌മറിന്റെയും കൂറ്റൽ ഫ്ലെക്‌സുകൾ. ഗേറ്റ് കടന്നാൽ വരവേൽക്കുന്നത് ഉയരത്തിൽ തൂക്കിയിരിക്കുന്ന അർജന്റീനയുടെയും ജർമനിയുടെയും ബ്രസീലിന്റെയും പതാകകൾ. ഒപ്പം പോർച്ചുഗലിന്റെ ഫ്ലെക്‌സുകളും. ഇടവേളകളിൽ ക്യാമ്പസിൽ വിദ്യാർഥികൾ ലോകകപ്പ് വിശേഷങ്ങളുമായി ഒത്തുചേരും. പിന്നെ വാക്കുകൾകൊണ്ടുള്ള പോരാട്ടവും വെല്ലുവിളിയും നിറയും. ബ്രസീൽ ആരാധകർക്കും വീറിന് കുറവില്ല. ""വീരവാദമില്ല. ചരിത്രമാണ് ഞങ്ങൾക്ക് കൂടെയുള്ളത്. ആദ്യ റൗണ്ടുകളിൽ നെയ്‌മർ കളിച്ചില്ലെങ്കിലും ക്വാർട്ടർ വരെ ബ്രസീൽ നിസാരമായി എത്തും.'' – ആരാധകനായ ആദിത്യൻ കൃഷ്‌ണ പറയുന്നു. ജർമനിക്കും ഫ്രാൻസിനും സ്‌പെയ്‌നിനുമെല്ലാം ക്യാമ്പസിൽ ആരാധകരേറെ.









0 comments