ad
Deshabhimani

print edition പിഴവിൽ വഴുതി 
കൊറിയ

Luis Romo Goal against south korea

മെക്‌സിക്കോ താരം 
ലൂയിസ്‌ റോമോയുടെ ഷോട്ട്‌ ദക്ഷിണ കൊറിയൻ 
ഗോൾകീപ്പർ 
കിം സിയുങ്‌ ഗ്യുവിനെ മറികടന്ന്‌ വലയിലേക്ക്‌

വെബ് ഡെസ്ക്

Published on Jun 20, 2026, 04:03 AM | 2 min read

ഗ‍ൗദലഹാര: ഒറ്റപ്പിഴവിൽ കൊറിയ കരഞ്ഞപ്പോൾ ഒറ്റ സേവിൽ മെക്‌സിക്കോ ഉയിർത്തു. ലോകകപ്പ്‌ ഫുട്‌ബോളിൽ മെക്‌സിക്കോ–ദക്ഷിണ കൊറിയ പോരാട്ടം ഗോൾകീപ്പർമാരുടെ അരങ്ങ്‌ കൂടിയായി. കൊറിയൻ ഗോൾകീപ്പർ കിം സിയുങ്‌ ഗ്യുവിന്റെ അബദ്ധത്തിൽനിന്നാണ്‌ മെക്‌സിക്കോ വിജയംകുറിച്ചത്‌. ഒപ്പമെത്താനുള്ള കൊറിയയുടെ ഏറ്റവും ഉശിരൻ നീക്കത്തെ മെക്‌സിക്കൻ ഗോൾകീപ്പർ റ‍ൗൾ റാഹേൽ അതിഗംഭീരമായൊരു ഇരട്ടസേവില‍ൂടെ തടയുകയായിരുന്നു. ഒറ്റ ഗോളിൽ മെക്‌സിക്കോ നോക്ക‍ൗട്ടിലേക്ക്‌ കടന്നപ്പോൾ കൊറിയയുടെ കാത്തിരിപ്പ്‌ നീണ്ടു. വിജയഗോളിലൂടെ ലൂയിസ്‌ റോമോ മെക്‌സിക്കോയുടെ വീരനായകനായി.


കളിയിൽ കൊറിയക്കായിരുന്നു മുൻതൂക്കം. ഗ‍ൗദലഹാര സ്‌റ്റേഡിയത്തിലെ സ്വന്തം കാണികൾക്ക്‌ മുന്നിൽ മെക്‌സിക്കോ താളംകിട്ടാതെ അലയുകയായിരുന്നു. കൊറിയ ഓരോ നിമിഷവും ഇരന്പിയാർത്തെത്തി. ക്യാപ്‌റ്റൻ സൺ ഹ്യുങ്‌ മിൻ ബോക്‌സിന്‌ മുന്നിൽനിന്ന്‌ കോരിയിട്ട പന്ത്‌ ഗോൾവരയിൽവച്ച്‌ മെക്‌സിക്കോ സെന്റർ ബാക്ക്‌ എഡ്‌സൺ അൽവാരെസ്‌ തട്ടിയകറ്റുകയായിരുന്നു. പിന്നാലെ റഫറി ഓഫ്‌ സൈഡ്‌ വിളിക്കുകയും ചെയ്‌തു. എങ്കിലും മെക്‌സിക്കോ അത്‌ മുന്നറിയിപ്പായി കണക്കാക്കി.


ഇടവേളയ്‌ക്കുശേഷം മെക്‌സിക്കോയെ ഗോൾ കടാക്ഷിച്ചു. ബോക്‌സിന്‌ പുറത്തുനിന്നുള്ള നിരുപദ്രവകരമായ ഷോട്ട്‌ കൊറിയൻ ഗോൾകീപ്പർ കിം അനായാസം കൈയിലാക്കി. എന്നാൽ മുന്നോട്ടായുന്നതിനിടെ സെന്റർ ബാക്ക്‌ ലീ ഗി ഹ്യുക്കുമായി കൂട്ടിയിടിച്ചു. കിം താഴെ വീണു. പന്ത്‌ തെറിച്ചു. ആ സമയം കൃത്യമായി റോമോ മുന്നിലുണ്ടായിരുന്നു. നിലത്ത്‌ കുത്തി ഉയർന്ന പന്തിലേക്ക്‌ മെക്‌സിക്കോ മധ്യനിരക്കാരൻ ശക്തമായി കാൽവച്ചു. ഒഴിഞ്ഞ വലയിലേക്ക്‌ അത്‌ കയറുന്പോൾ സ്‌റ്റേഡിയത്തിൽ തിരമാലകൾ ഉയർന്നു.





പിഴവിനുശേഷം കിം ജാഗ്രത വീണ്ടെടുത്തു. 75–ാം മിനിറ്റിൽ റ‍ൗൾ ഹിമിനസിന്റെ ശക്തമായ അടി തടഞ്ഞു. പകരക്കാരൻ ഒബെദ്‌ വർഗാസിന്റെ നിലംപറ്റിയ ഷോട്ട്‌ പറന്നുവീണ്‌ തട്ടിയകറ്റി. 87–ാം മിനിറ്റിലായിരുന്നു കളിയിലെ നിർണായക നിമിഷം പിറന്നത്‌. മെക്‌സിക്കൻ ബോക്‌സിൽ കൂട്ടപ്പൊരിച്ചിലുണ്ടായി. ഇതിനിടെ കൊറിയൻ സ്‌ട്രൈക്കർ ചു ഗുയെ സിയുങ്ങിന്റെ ക്ലോസ്‌ റേഞ്ചിൽനിന്നുള്ള ഹെഡർ റ‍ൗൾ റാഹേൽ കൈയിൽ തട്ടിത്തെറിച്ചു. പന്ത്‌ ഇടതുഭാഗത്ത്‌ യാങ്‌ ഹ്യുൺ ജുനിന്റെ കാലിലേക്ക്‌. ആ നിമിഷം കൊറിയൻ വിങ്ങർ അടിതൊടുത്തു. വീണുകിടക്കുകയായിരുന്ന റാഹേൽ അതേ നിലയിൽ ഒറ്റകൈ കൊണ്ട്‌ പന്ത്‌ കൈയിലൊതുക്കി. കൊറിയ തരിച്ചുനിന്നു. സൺ തലയിൽ കൈവച്ചു.

തോറ്റെങ്കിലും മൂന്ന്‌ പോയിന്റുള്ള കൊറിയക്ക്‌ ഗ്രൂപ്പ്‌ ‘എ’യിൽ സാധ്യത നിലനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home