ad
Deshabhimani

ബ്രസീൽ വരട്ടെ, ഒരു കൈ നോക്കാം: ഖാലിദ് ജമീൽ

KHALID JAMIL.JPG

ഖാലിദ് ജമീൽ | ഫോട്ടോ: ശരത് കൽപ്പാത്തി

avatar
അജിൻ ജി രാജ്‌

Published on Sep 27, 2026, 06:25 PM | 2 min read

ബംഗളൂരു പാനമയ്‌ക്കെതിരായ ചരിത്ര സമനിലയ്‌ക്കുശേഷം ഇന്ത്യൻ ഫുട്‌ബോൾ കോച്ച്‌ ഖാലിദ്‌ ജമീൽ സന്തോഷത്തിലാണ്‌. ഒക്‌ടോബർ മൂന്നിന്‌ കൊൽക്കത്തയിൽ അഞ്ചുവട്ടം ലോകചാമ്പ്യൻമാരായ ബ്രസീലുമായാണ്‌ അടുത്ത മത്സരം. ‘ആരായാലും വരട്ടെ’ എന്നാണ്‌ നാൽപ്പത്തൊമ്പതുകാരന്റെ നിലപാട്‌. രാജ്യാന്തര സ‍ൗഹൃദ ഫുട്‌ബോളിൽ ഒക്‌ടോബർ ആറിന്‌ കരുത്തരായ ഉറുഗ്വായുമായും ഇന്ത്യക്ക്‌ കളിയുണ്ട്‌. ലോകകപ്പ്‌ കളിച്ച, ലോറാങ്കിങ്ങിൽ 44–ാം സ്ഥാനക്കാരായ പാനമയ്‌ക്കെതിരെ ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ 1–1നാണ്‌ 138–ാം സ്ഥാനത്തുള്ള ഇന്ത്യ സമനില പിടിച്ചത്‌. ലോകറാങ്കിങ്ങിൽ ഉയർന്ന സ്ഥാനക്കർക്കെതിരെ ഇന്ത്യ നടത്തിയ എക്കാലത്തെയും മികച്ച പ്രകടനമാണിത്‌. മത്സരശേഷം ഇന്ത്യൻ പരിശീലകൻ ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖം..


പാനമയ്‌ക്കെതിരായ പ്രകടനത്തെ എങ്ങനെ കാണുന്നു?


നമ്മുടെ കളിക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്‌. ആദ്യം മുതലേ അവരോട്‌ പറയാറുള്ളത്‌ ആത്മവിശ്വാസം കൈവിടരുതെന്നാണ്‌. എത്ര വലിയ എതിരാളിയായാലും ഫുട്‌ബോളിൽ നമ്മുടെ പദ്ധതിക്കനുസരിച്ച്‌ കളിച്ചാൽ നല്ല പ്രകടനമുണ്ടാകും. പാനമയ്‌ക്കെതിരെ അത്‌ തെളിഞ്ഞു. രണ്ടാംപകുതിയിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ജയിക്കാമായിരുന്നു.


KHALID JAMIL ഖാലിദ് ജമീൽ | ഫോട്ടോ: ശരത് കൽപ്പാത്തി


അടുത്തത്‌ കരുത്തരിൽ കരുത്തരായ ബ്രസീലാണ്‌. പിന്നാലെ ഉറുഗ്വായും?


ബ്രസീലല്ല ആരായാലും വരട്ടെ. ടീം ആത്മവിശ്വാസത്തിലാണ്‌. കൃത്യമായ പദ്ധതിയുണ്ട്‌. കളിക്കാരെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. ഏത്‌ എതിരാളിയായലും ഒരു കൈ നോക്കാം. സമീപകാലത്തെ ഏറ്റവും മോശം റാങ്കിലാണ്‌ ഇന്ത്യ (138). ആ നമ്മൾ ചരിത്രത്തിലാദ്യമായി ലോകോത്തര ടീമുകളോട്‌ മത്സരിക്കുന്നു. ബ്രസീൽ (5), ഉറുഗ്വായ്‌ (20), പാനമ (44). ഇതൊരു വല്ലാത്ത ധീരതയല്ലേ? നോക്കു ഒറ്റ ദിവസം കൊണ്ട്‌ ഇവിടെ അൽഭുതങ്ങൾ സംഭവിക്കില്ല. ഇതൊരു നിരന്തരമായ പ്രക്രിയയാണ്‌. ഇന്ത്യൻ ഫുട്‌ബോളിന്‌ നല്ല കാലമല്ല. എന്നുകരുതി ഒന്നും ചെയ്യാതെ ഇരിക്കണോ. ലോകകപ്പ്‌ കളിച്ച ടീമുകളാണ്‌ ബ്രസീലും ഉറുഗ്വായും പാനമയും. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന സൂപ്പർതാരങ്ങുള്ള ടീമുകൾ.



Related News


അവർക്കെതിരെ നമ്മുടെ കളിക്കാർക്ക്‌ സ്വന്തം നാട്ടിൽ കളിക്കാനാവുക എന്നത്‌ സുവർണാവസരമാണ്‌. അത്‌ നമ്മളെ ഉയർത്തും. തോറ്റ്‌ പഠിക്കാവുന്ന ചില കാര്യങ്ങളുണ്ട്‌. ശക്തരായ എതിരാളികളെ നേരിടുമ്പോൾ പതിയെ നമ്മളും ആ നിലയിലെത്തും. സുപ്രധാനമായ ഇ‍ൗ മൂന്ന്‌ മത്സരങ്ങളിലും സന്ദേശ്‌ ജിങ്കൻ, ലല്ലിയൻസുവാല ചാങ്‌തെ, രാഹുൽ ബെക്കെ തുടങ്ങിയ പരിചയസമ്പന്നരെ ഒഴിവാക്കിയത്‌ വലിയ ചർച്ചയാകുന്നുണ്ട്‌. അതിനോടുള്ള പ്രതികരണം? ഒഴിവാക്കി എന്ന വാക്ക്‌ ശരിയല്ല. അവരാരും ഇനി ടീമിൽ ഉണ്ടാകില്ല എന്നതല്ല ഇതിനർത്ഥം. ഓരോ ടീം തെരഞ്ഞെടുപ്പും പല മാനദണ്ഡങ്ങളും നോക്കിയാണ്‌ ചെയ്യാറ്‌.


KHALID JAMIL ഖാലിദ് ജമീൽ | ഫോട്ടോ: ശരത് കൽപ്പാത്തി


ടീമിന്‌ വിവിധ സ്ഥാനങ്ങളിൽ പുതുനിരയെ വളർത്തേണ്ടതുണ്ട്‌. അവസരം നൽകാതെ എങ്ങനെ അതിന്‌ സാധിക്കും. ഇത്തരമൊരു മത്സരങ്ങളിൽ പുതുരക്തങ്ങളെ കളിപ്പിച്ചാൽ അത്‌ ഭാവിയിൽ ഗുണം ചെയ്യും. അതിനായാണ്‌ ആ തീരുമാനം. വിദേശത്തുള്ള ഇന്ത്യൻ വംശജരെ ദേശീയ ടീമിലെത്തിക്കാനുള്ള ശ്രമം കുറച്ചായുണ്ട്‌. റയാൻ വില്യംസ്‌ അങ്ങനെ വന്ന താരമാണ്‌. പുതിയ നീക്കങ്ങൾ? ഇന്ത്യൻ പാസ്‌പോർട്ടുള്ള വിദേശത്ത്‌ കളിക്കുന്ന ഒരുപാട്‌ പേരുണ്ട്‌. അവരിൽ പലരെയും നിരീക്ഷിക്കുന്നുണ്ട്‌. മത്സരങ്ങൾ കാണും, പ്രകടനം പരിശോധിക്കും. വിദേശത്ത്‌ കളിക്കുന്നു എന്നത്‌ കൊണ്ട്‌ മാത്രം അവർ മികച്ചവരാണെന്ന അർത്ഥമില്ല. സ്ഥിരത വേണം. ടീമിന്‌ ഗുണം ചെയ്യുമെന്ന്‌ ഉറപ്പുള്ളവരെ ഉൾപ്പെടുത്തും. സ്ലൊവാന്യയിൽ കളിക്കുന്ന ഇരുപത്തൊന്നുകാരൻ ഗോൾകീപ്പർ സോം കുമാർ ഇത്തവണ ടീമിലുണ്ട്‌. അതൊരു മാതൃകയാണ്‌.


KHALID JAMILഖാലിദ് ജമീൽ | ഫോട്ടോ: ശരത് കൽപ്പാത്തി


പരിശീലകനായി ഒരു വർഷം പൂർത്തിയായിരിക്കുന്നു. സംതൃപ്‌തനാണോ?


ഇന്ത്യൻ ടീമിന്റെ പരിശീലകനാവുക എന്നത്‌ അഭിമാനകരമായ കാര്യമാണ്‌. അതിൽ സന്തോഷമുണ്ട്‌. ടീമിനെ മെച്ചപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യം. അതിനായി ശ്രമിക്കുന്നു.


ഖാലിദ്‌ ജമീൽ ഇന്ത്യയുടെ മുൻ മധ്യനിരക്കാരൻ. കുവൈറ്റിൽ ജനിച്ച ഇന്ത്യൻ വംശജൻ. 40 മത്സരങ്ങളിൽ ദേശീയ കുപ്പായമിട്ടു. 2009ൽ കളി മതിയാക്കിയശേഷം പരിശീലകനായുണ്ട്‌. ഐസ്വാൾ എഫ്‌സി, ഇ‍ൗസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, നോർത്ത്‌ ഇ‍ൗസ്റ്റ്‌ യുണൈറ്റഡ്‌, ജംഷഡ്‌പുർ എഫ്‌സി തുടങ്ങിയ ക്ലബുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്‌ നാൽപ്പത്തൊമ്പതുകാരൻ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home